
ന്യൂഡൽഹി: സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജിക്ക് ഇന്ത്യയിൽ മാത്രം 3.3 കോടി ഉപയോക്താക്കൾ പ്രതിദിനം ശരാശരി 1.3 കോടി ഉപയോക്താക്കൾ പബ്ജി കളിക്കുന്നുന്നതായാണ് റിപ്പോർട്ടുകൾ.
ടിക് ടോക് അടക്കമുളള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് വീണ്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത നടപടിയുണ്ടായത്. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചതായാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ടിക് ടോക് അടക്കമുളള ആപ്പുകൾ നിരോധിച്ചപ്പോൾ തന്നെ കൂടുതൽ ആപ്പുകൾ പരിശോധനയിലാണ് എന്ന് കേന്ദ്രസർക്കാർ സൂചന നൽകിയിരുന്നു.
നിയന്ത്രണ രേഖയിൽ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ വീണ്ടും കടുത്ത നടപടി സ്വീകരിച്ചത്. ഇത്തരം ആപ്പുകൾ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഈ ആപ്പുകൾ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാർപാത്ത്, ഗെയിം ഓഫ് സുൽത്താൻ, ചെസ് റക്ഷ്, സൈബർ ഹണ്ടർ, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഈ ആപ്പുകൾ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാൻ തീരുമാനിച്ചതെന്ന് ഐടി മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും തീരുമാനത്തിന് കാരണമായതായി കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്ക് എതിരെയുളള ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചകൾക്ക് മുൻപ് ടിക് ടോക് അടക്കമുളള ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. തദ്ദേശീയമായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ അന്ന് നൽകിയ വിശദീകരണം. കൂടാതെ നിയന്ത്രണരേഖയിൽ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ ശക്തമായിരുന്നു. ഇതും തീരുമാനത്തിൽ പ്രതിഫലിച്ചു എന്നാണ് റിപ്പോർട്ടുകൾ.






