
കൊച്ചി: ഏഴുമാസങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൊളിച്ച മരടിലെ ആല്‍ഫ സെറീന് ഫ്ളാറ്റിന്റെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. അവശിഷ്ടങ്ങള്‍ നീക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നിയന്ത്രിത സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ആല്‍ഫ സെറീന് ഫ്ലാറ്റ് പൊളിച്ചത്. തകര്‍ത്ത ഫ്ലാറ്റിന്റെ ഇരട്ട ടവറുകളില്‍ ഒരു ഭാഗം കായലില്‍ പതിച്ചു. ഏഴു മാസങ്ങള്‍ കഴിഞ്ഞിട്ടും കായലില്‍ വീണ അവശിഷ്ടങ്ങള്‍ നീക്കാത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭയുടെ അടിയന്തിര ഇടപെടലുണ്ടായത്.
താത്കാലിക ബണ്ട് നിര്‍മ്മിച്ചാണ് അവശിഷ്ടങ്ങള്‍ കരയ്ക്കെത്തിക്കുന്നത്. 1000 ടണ്‍ അവശിഷ്ടമാണ് കായലില്‍ ഉണ്ടായിരുന്നത്. പകുതിയിലധികവും രണ്ട് ദിവസം കൊണ്ട് തന്നെ കരയ്ക്കെത്തിച്ചു.
കരയിലെത്തിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്നും കമ്പിയും കോണ്‍ക്രീറ്റ് ഭാഗവും വേര്‍തിരിച്ചെടുക്കും. ഇരുമ്പ് കമ്പികള്‍ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സിനാണ്. എന്നാല്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.






