
ബംഗലുരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിക്കാരന് അനൂപിനൊപ്പം ബംഗലുരുവില്‍ അറസ്റ്റിലായ സീരിയൽ നടി അനിഖയിൽ നിന്നു കണ്ടെടുത്ത ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകള്‍. സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരും സ്റ്റുഡന്റ് വീസയിലോ ബിസിനസ് വീസയിലോ ബെംഗളൂരുവിലെത്തുന്നവരും വിസാ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരുമെല്ലാം ലഹരി റാക്കറ്റിലെ കണ്ണികളാണെന്നാണ് വിവരം.
അനിഖയുടെ ഡയറിയിൽ നിന്ന് കന്നഡ സിനിമാ – സീരിയൽ രംഗത്തെ പ്രമുഖരുടെ പേരുകൾ ഉണ്ട്. നിർമാതാക്കളും ഇതിലുണ്ട്. പബ്ബുകൾ, ബാറുകൾ, ഡാൻസ് പാർട്ടികൾ എന്നിവയ്ക്കും ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്നത് അനിഖയായിരുന്നു എന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ പല ചലച്ചിത്രതാരങ്ങള്‍ക്കും അനിഖ ലഹരിമരുന്ന് നല്‍കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനും സിനിമാന സംവിധായകനുമായ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞദിവസം കന്നഡ സിനിമയുമായി ബന്ധപ്പെട്ട ചില പ്രമുഖരുടെ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. പതിനഞ്ചോളം നടീനടന്മാര്ക്കും ചലച്ചിത്ര പ്രവർത്തകര്‍ക്കും ലഹരിമാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ കൈമാറിയതായിട്ടാണ് ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോടു പറഞ്ഞത്.
നാലു മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനായ ഇന്ദ്രജിത്ത് സിനിമാ മേഖലയിൽ തനക്കറിവുള്ള എല്ലാ കാര്യങ്ങളും നല്കി. നടീനടന്മാരുടെ വിവരം പോലും കൈമാറിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കന്നഡ സിനിമയിലെ നായിക നടിമാരില്‍ ഒരാളായ രാഗിണി ദ്വിവേദിക്കു പൊലീസ് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കന്നഡ നടി രാഗിണി ദ്വിവേദിയ്ക്കൊപ്പം സുഹൃത്തും സർക്കാർ ജീവനക്കാരനുമായ രവിശങ്കറിനോടും ചാമരാജ്പേട്ടിലെ സിസിബി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഡാർക്ക് നെറ്റ് (നിഗൂഢ ഇന്റർനെറ്റ്) ഇടപാടുകളിലൂടെയാണ് ബെംഗളൂരു, ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് ലഹരി മരുന്ന് എത്തുന്നത്.
എയര്‍ കാര്‍ഗോ വഴി ബംഗലുരു, മുംബൈ, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്ക് ലഹരിമരുന്ന് എത്തുന്നു. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ. യുഎസിൽ നിന്നു തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ കാർഗോ വിമാനത്തിൽനിന്ന് 8.5 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. രണ്ടുകോടിയുടെ കഞ്ചാവ് ബെംഗളൂരു, തുമക്കൂരു, ഹൈദരാബാദ് പാഴ്സലുകളിൽ നിന്നും കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും ലഹരിമരുന്ന് ഒഴുകുന്നതായുള്ള സൂചന കിട്ടിയതോടെ റോഡ് മാര്‍ഗ്ഗമുള്ള എല്ലാ വാഹനങ്ങളിലും ബംഗലുരു പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകളിലും ചെക് പോസ്റ്റുകളിലും കർശന നിരീക്ഷണമുണ്ട്. അനൂപ് മുഹമ്മദ് ‘ഹയാത്ത്’ എന്ന പേരിൽ റസ്റ്റോറന്റ് നടത്തിയിരുന്ന കമ്മനഹള്ളി ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രമാണ്.






