
മുംബൈ : മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരനുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയിലെടുത്തു. റെയ്ഡിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
സാമുവല്‍ മിറാന്‍ഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന് ഷോവിക്കിനും എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്നു ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ സഈദ് വിലാത്ര സാമുവേല്‍ മിരാന്‍ഡയ്ക്കും ഷോവിക് ചക്രവര്‍ത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങള്‍ എന്‍സിബി കണ്ടെടുത്തിരുന്നു.
സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ റിയയുടെ മുംബൈയിലെ വസതിയിലും എന്‍സിബി സംഘം എത്തിയിരുന്നു.






