
ജയ്പൂര്‍: ദേശീയ സുരക്ഷാ നിയമ പ്രകാരം തടവിലാക്കപ്പെട്ട് ജയില്‍ മോചിതനായ ഡോ. കഫീല്ഖാന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരില്‍. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനേക്കാള്‍ തനിക്ക് സുരക്ഷിതത്വം ജയ്പൂരിലാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കഫീല്ഖാന് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയലായിരുന്നു കഫീല്ഖാന് ജയില്‍ മോചിതനായത്.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ ഇനിയും മറ്റു കേസുകളില്‍ കുടുക്കി ജയിലില്‍ തള്ളുമെന്ന് തന്റെ കുടുംബം ഭയക്കുന്നതായി കഫീല്ഖാന് പറഞ്ഞു. പ്രിയങ്കാഗാന്ധി തന്റെ അമ്മയും ഭാര്യയുമായി സംസാരിച്ചെന്നും യുപി സര്‍ക്കാര്‍ ഇനിയും ഇല്ലാത്ത കുറ്റങ്ങള്‍ തനിക്ക് മേല്‍ ചുമത്തുമെന്നും എന്നാല്‍ ജയ്പൂരില്‍ സുരക്ഷിതമായി താമസിക്കാമെന്ന് ഉറപ്പ് നല്‍കിയതായും കഫീല്ഖാന് പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരേ അലിഗഡ് മു്സളീം യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിച്ചതിനാണ് കഫീല്ഖാന് ജയിലിലായത്. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് ആരോപണം ഉയര്‍ത്തി യുപി സര്‍ക്കാര്‍ ജയിലിലാക്കുകയായിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് കഫീല്‍ഖാനെ യുപി സര്‍ക്കാരിന് സ്വതന്ത്രനാക്കേണ്ടി വരികയായിരുന്നു. തന്നെ എന്‍കൗണ്ടറില്‍ കൊന്നു തള്ളാതിരുന്നതില് നന്ദിയെന്നായിരുന്നു മാസങ്ങള്‍ക്ക് ശേഷം മോചിതനായ കഫീല്‍ഖാന്റെ ആദ്യ പ്രതികരണം.
ജനുവരി 29 നായിരുന്നു അറസ്റ്റ്. ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷ്യന്‍ ആയ കഫീല്ഖാന് തന്റെ സസ്പെന്ഷന് ഒഴിവാക്കിത്തരണം എന്ന് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തനിക്കും കോവിഡ് പോരാളിയായി മാറണമെന്നും അതിനായി തന്റെ സര്‍വീസ് മടക്കി നല്കാന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സസ്പെന്ഷന് നീക്കിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകാനാണ് ഉദ്ദേശം.
ഹൈക്കോടതി വിധി വന്നിട്ടും തന്നെ സ്വതന്ത്രനാക്കാനുള്ള നടപടികള്‍ മഥുര ജില്ലാ ഭരണകൂടം താമസിപ്പിക്കാന്‍ ശ്രമിച്ചതായും കഫീല്ഖാന് പറഞ്ഞു. താന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശമേ പാലിക്കൂ എന്നായിരുന്നു മഥുര ജയില്‍ സൂപ്രണ്ട് പറഞ്ഞത്. മറ്റൊരു കള്ളക്കേസ് തലയില്‍ കെട്ടി വെയ്ക്കാനുള്ള അവസരം നോക്കിയാണ് ജയില്‍ മോചിതനാക്കാന്‍ രാത്രി വരെ കാത്തത്.
ഏഴു മാസമായി തന്റെ മാതാവ് കീഴ്ക്കോടതി മുതല്‍ അലഹബാദ് ഹൈക്കോടതിയും സുപ്രീംകോടതിയും വരെ ഏഴുമാസത്തോളം മുട്ടാത്ത വാതിലില്ലെന്നും പറഞ്ഞു. ഇതിനൊപ്പം കുടുംബ ബിസിനസും തകര്‍ത്ത് സാമ്പത്തീകമായും ദുര്ബ്ബലപ്പെടുത്തിയതായി പറഞ്ഞു. നേരത്തേ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 70 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ സര്‍ക്കാരാണ് കുറ്റക്കാരെന്ന ആരോപണം കഫീല്ഖാന് വീണ്ടും നടത്തുകയും ചെയ്തു.






