
ചിറയിൻകീഴ് : മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വറ്റ (വേളാപ്പാര) പെട്ടതു തീരത്തു ചാകരയൊരുക്കി. പെരുമാതുറ ഭാഗത്തെ ലേലപ്പുര കേന്ദ്രീകരിച്ചാണു ഈ വർഷത്തെ ഏറ്റവും വലിയ ചാകര. രാത്രിയോടെ വിവരം കാട്ടുതീപോലെ സമീപ പ്രദേശങ്ങളിലേക്കു പരന്നു വാഹനങ്ങളിലും മറ്റുമായി അനേകം പേർ മത്സ്യം വാങ്ങാനായി തീരത്തെത്തി.
പത്തുമണിക്കും ലേലപ്പുര ജനനിബിഡമായിരുന്നു. 750-1000രൂപ റേഞ്ചിൽ വമ്പൻ മീനുകളുമായാണു നൂറുക്കണക്കിനുപേർ തീരം വിട്ടത്. ലേലപ്പുരയിൽ കുന്നുകൂട്ടിയിട്ട വറ്റയെക്കാണാൻ വൻജനക്കൂട്ടമാണു പെരുമാതുറയിലെത്തിച്ചേർന്നിരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഓർക്കാപ്പുറത്തെത്തിയ ചാകര തീരദേശത്തെ മൽസ്യത്തൊഴിലാളികൾക്കിടയിലും ഉൽസഛായയൊരുക്കി. ലേലപ്പുരയിലും സമീപ പ്രദേശങ്ങളിലും ഒത്തുകൂടിയ തീരത്തുകാർ ചാകരയെത്തിയതു രാവേറെ ആഘോഷിക്കുകതന്നെ ചെയ്തു.






