
ഗുവാഹട്ടി: ഇന്ത്യയും ചൈനയും തമ്മില്‍ വടക്കുകിഴക്കന്‍ അതിരില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അരുണാചല്‍ പ്രദേശിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും അഞ്ച് യുവാക്കളെ കാണാതായ സംഭവത്തില്‍ ചൈനയില്‍ നിന്നുള്ള പ്രതികരണം കാത്ത് ഇന്ത്യ. അന്താരാഷ്ട്ര അതിരിലെ സുബാന്‍സിരി ജില്ലയില്‍ നിന്നും കഴിഞ്ഞയാഴ്ചയായിരുന്നു യുവാക്കളെ കാണാതായത്.
വെള്ളിയാഴ്ച സാമൂഹ്യ മാധ്യമങ്ങള്‍ വഴി കുടുംബമാണ് വിവരം പുറത്തു വിട്ടതിന് പിന്നാലെ ദേശീയ നേതാക്കളും സംഭവം ഏറ്റെടുത്തിട്ടുണ്ട്. ഹോട്ട് ലൈന്‍ വഴി ചൈനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കായിക സഹമന്ത്രി കിരണ്‍ റിജുജു വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകലിന് ഇരയായ യുവാക്കളില്‍ ഒരാളുടെ സഹോദരന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വിവരം ഞായറാഴ്ച കേന്ദ്രമന്ത്രി കിരണ്‍ റിജുജു ട്വീറ്റും ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ നിനോംഗും ബിജെപി എംപി ടാപിര്‍ ഗാവോയും ട്വീറ്റ് ചെയ്തതോടെ ജില്ലാ ഭരണകൂടം സംഭവ സ്ഥലത്ത് നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ദാപോരിജോയിലെ പോലീസ് ആസ്ഥാനത്ത് നിന്നും നാച്ചോയിലേക്ക് വിവരം അന്വേഷിക്കാന്‍ ഒരു സംഘത്തെ അയയ്ക്കുകയും ചെയ്തു. വൈകുന്നേരം വരെ പ്രതീക്ഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച പറഞ്ഞു.
വാഹനം പോകാത്തതും മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ സൈന്യത്തിന് അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന വിഭാഗത്തിലെ ഏഴംഗ സംഘത്തിലെ അഞ്ചു പേരെയാണ് കാണാതായത്. ഇതില്‍ രണ്ടു പേര് വീട്ടില്‍ തിരിച്ചെത്തി. ഇവരാണ് വിവരം വീട്ടുകാരെയും പോലീസിനെയും അറിയിച്ചത്. വടക്കന്‍ നാച്ചോയില്‍ നിന്നും 12 കിലോമീറ്റര്‍ മാറി സൈനീക പെട്രോളിംഗ് സോണായ സെറാ - 7 ല്‍ വെച്ച് ചൈനീസ് സൈനികര്‍ അഞ്ചുപേരെ പിടിച്ചുകൊണ്ടുപോയെന്ന വിവരം കുടുംബത്തെ അറിയിച്ചത്.
ടാഗില്‍ ഗോത്രത്തിലെ ടോച്ച് സിംഗ്കാം, പ്രസാത്ത് റിംഗ്ലിംഗ്, ഡോംഗ്ടൂ എബിയ, ടാനു ബാക്കര്‍, എന്ഗാരു ദിരി എന്നിവരെയാണ് കാണാതായത്്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു 21 കാരനെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മക് മോഹന്‍ ലൈന്‍ സമീപത്തെ ആസാപിലാ മേഖലയില്‍ നിന്നും പിടിച്ചു കൊണ്ടുപോയിരുന്നു. എന്നാല്‍ ഇയാളുടെ രണ്ടു കൂട്ടുകാര്‍ രക്ഷപ്പെട്ടിരുന്നു. ടോഗ്ളേ സിന്കാം എന്നയാളെ തോക്കിന് മുനയില്‍ നിര്‍ത്തിയാണ് തട്ടിക്കൊണ്ടു പോയതെന്നായിരുന്നു അന്ന് കുടുംബം ആരോപിച്ചത്. 19 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷം ഇയാളെ തിരിച്ചുവിട്ടു.






