
ബംഗലുരു : അപ്രതീക്ഷിതമായി വമ്പന്‍ അറസ്റ്റുകള്‍ നടന്ന കന്നഡ സിനിമാവേദിയ്ക്ക് പിന്നാലെ ലഹരി മാഫിയകളുമായുള്ള ബന്ധം മലയാള സിനിമയെയും പിടിച്ചുലയ്ക്കുന്നു. ബംഗലുരുവില്‍ അറസ്റ്റിലായ കൊച്ചിക്കാരന് അനൂപിന് പിന്നാലെ കണ്ണൂര്‍ സ്വദേശിയായ ജീംറീന് അഷി എന്നയാള്‍ കൂടി അറസ്റ്റിലായാല്‍ ലഹരി മണക്കുന്ന കന്നഡ സിനിമാവേദിക്കും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും തമ്മില്‍ ബന്ധമുണ്ടോ എന്ന വിവരം പുറത്തു വരും.ലഹരിക്കേസില്‍ പിടിയിലായ സീരിയല്‍ നടിയും റാക്കറ്റിന്റെ തലൈവിയുമായ അനിഖയെ മുഹമ്മദ് അനൂപിന് പരിചയപ്പെടുത്തിയത് ജിംറീന്‍ അഷിയാണ് എന്നാണ് വിവരം.
എന്‍സിബി തിരയുന്ന ഇയാള്‍ വലയിലായാല്‍ മലയാള സിനിമയിലെ ലഹരി മാഫിയയെക്കുറിച്ചും വിവരം പുറത്തുവരുമെന്നാണ് സൂചനകള്‍. അനൂപും അനിഖയും നല്കിയ മൊഴിയില്‍ ജീംറീന്റെ പേരുണ്ട്. മലയാള സിനിമാ മേഖലയിലുള്ളവരെ ബെംഗളൂരുവിലെ ലഹരിറാക്കറ്റുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ജിംറീന്‍ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അനൂപിന്റെ മൊബൈലില്‍ നിന്നുമാണ് ബിനീഷ് കൊടിയേരിയുടേയും സ്വര്‍ണ്ണകടത്ത് കേസ് പ്രതി റമീസിന്റെയും നമ്പര്‍ ലഭിച്ചത്. ഇതോടെ സ്വര്‍ണ്ണക്കടത്തു മാഫിയയും ലഹരിമാഫിയയും തമ്മിലുള്ള ബന്ധമാണ് സംശയിക്കപ്പെടുന്നത്.
ബംഗലുരുവില്‍ ആദ്യം അറസ്റ്റിലായ സാന്‍ഡല്‍വുഡ് നടി രാഗിണി ദ്വിവേദിയുടെ ലഹരി ഇടപാടുകളുടെ വിവരം പോലീസിന് കിട്ടിയത് കൊച്ചി കലൂര്‍ സ്വദേശി നിയാസിന്റെ ഫോണില്‍ നിന്നാണ്. ഇരുവരും ലഹരിയുടെ കാര്യത്തില്‍ നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. രണ്ടുവട്ടം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന നടിയുടെ മൊഴി കള്ളമാണെന്ന് ഈ ചാറ്റ് വെളിവാക്കുന്നു. ബംഗലുരുവില്‍ നേരത്തേ മോഡലിംഗ് കമ്പനിയും ക്ലബും നിശാപാര്ട്ടിയുമെല്ലാം നടത്തിയിരുന്ന ആളാണ് നിയാസ്. നിയാസിന്റെ മൊഴിയിലാണ് സാന്‍ഡല്‍വുഡിലെ സഞ്ജനാ ഗല്‍റാണിയും അറസ്റ്റിലായത്.
സഞ്ജനയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി നിയാസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടില്‍ റെയ്ഡ് നടന്നതും അറസ്റ്റ് ചെയ്തും. നേരത്തേ നിയാസ് വിതരണം ചെയ്യുന്ന 95 മാസ്ക്കിന്റെ പ്രചരണാര്‍ത്ഥം സഞ്ജന ഗല്‍റാണി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൊച്ചിയിലെ ചലച്ചിത്ര പ്രവര്‍ത്തകരെ കന്നഡ സിനിമയുമായി നിയാസ് ബന്ധപ്പെടുത്തിയിരുന്നോ എന്നും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ വീരന് ഖന്ന നടത്തിയിരുന്ന നിശാപാര്‍ട്ടികളില്‍ നിയാസും സ്ഥിര സന്ദര്‍ശകനായിരുന്നു.
ഓഗസ്റ്റ് 21ന് കന്നഡ സീരിയല്‍ നടി ഡി. അനിഖയ്ക്കൊപ്പം എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിനെയും തൃശൂര്‍ തിരുവില്വാമലയില്‍ നിന്നുള്ള റിജേഷ് രവീന്ദ്രനെയും ലഹരിമരുന്നുകളുമായി നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതോടെയാണ് എല്ലാം തുടങ്ങിയത്. സീരിയല്‍, സിനിമാ, സംഗീത പ്രവര്‍ത്തകരുടെയും വിഐപികളുടെ മക്കളുടെയും വിവരങ്ങള്‍ അനിഖയുടെ ഡയറിയില്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയായിരുന്നു സംവിധായകനും നിര്‍മ്മാതാവുമായി ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നത്.
ഇപ്പോള്‍ കന്നഡ സിനിമാ വേദിയിലെ നടീ നടന്മാരും നിര്‍മ്മാതാവും ഉള്‍പ്പെടെ 11 പേരാണ് എന്‍സിബി വലിയിലാക്കിയത്. രാഗിണി ദ്വിവേദിയുടെ സുഹൃത്തും ആര്‍ടി ഓഫിസ് ക്ലാര്‍ക്കുമായ രവിശങ്കര്‍, നടി സഞ്ജന ഗല്‍റാണിയുടെ സുഹൃത്തും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ രാഹുല്‍ ഷെട്ടി, ലഹരി പാര്‍ട്ടികളുടെ 'സെലിബ്രിറ്റി' നടത്തിപ്പുകാരന് വിരേന്‍ ഖന്ന, കന്നഡ സിനിമാ നിര്‍മാതാവ് എന്നിങ്ങനെയാണ് ലിസ്റ്റ്.






