
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ലഡാക്കില്‍ അയല്‍ക്കാര്‍ സൈനീക വിന്യാസം കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയില്‍ ചൈനയുടെ ഏതാക്രമണത്തെയും എതിരിടാന്‍ ഇന്തയയും സുസജ്ജമാകുന്നു. ഇതോടെ യുദ്ധ സമാനമായ സാഹചര്യത്തില്‍ വെറും മീറ്ററുകള്‍ മാത്രം അകലത്തില്‍ ഇരു പക്ഷത്തെയും അരലക്ഷത്തിലധികം സൈനികരെങ്കിലും ഈ മേഖലയില്‍ ഉണ്ടെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
ചുഷൂല്‍ മേഖലയില്‍ ഇന്ത്യയെ വിരട്ടാനുള്ള നടപടികള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തുടരുകയാണ്. പുതിയതായി 5000 ലധികം സൈനികരെ കൂടി വിന്യസിപ്പിച്ച് ചൈന പ്രകോപനം സൃഷ്ടിക്കുമ്പോഴും അവരുടെ ഭാഗത്ത് നിന്നുള്ള പൂര്‍ണ്ണ സൈനീക പിന്മാറ്റം അല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഇന്ത്യ തയ്യാറല്ല. ചുഷൂല്‍ മേഖലയിലെ മാള്ഡോയില് 5000 - 7000 സൈനികരെയാണ് ചൈന അധികമായി കൊണ്ടുവന്നു.
ഇതോടെ ലഡാക്കിലെ എല്‍എസിയില്‍ 50,000 സൈനികരെങ്കിലും മുഖാമുഖം ഉണ്ടെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നതിനെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ടാങ്കുകളും, ആയുധങ്ങളും മിസൈലുകളും ഉണ്ട്. ഇന്ത്യന്‍ സൈന്യവുമായി വെറും 300 മീറ്റര്‍ അകലത്തിലാണ് ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നത്. ചൈന ഇവിടേയ്ക്ക് കൂടുതല്‍ സൈനികരെ എത്തിച്ചും ആയുധങ്ങള്‍ സ്വരൂപിച്ചുകൊണ്ടും പ്രകോപനം തുടരുകയുമാണ്. സ്പാന്‍ഗര്‍ ഗ്യാപില് ഇതിനകം ടാങ്കുകളും മറ്റും ചൈന വിന്യസിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യത്തെ വിരട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 15 - 20 ടാങ്കുകളാണ് വിന്യസിപ്പിച്ചത്. ഇന്ത്യന്‍ സൈന്യത്തെ വിരട്ടാന്‍ ചൈനീസ് സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു. എന്നാല്‍ ഇതിനെ കര്‍ക്കശമായ രീതിയില്‍ തന്നെ നേരിടുമെന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷയില്‍ മൈക്കിലൂടെ ചൈനീസ് സൈന്യത്തിന് മറുപടി നല്‍കുകയും ചെയ്തു.
പൊംഗ്യോംഗ് സോയുടെ വടക്കന്‍ തീരത്തെ ഫിംഗര്‍ 4 ഏരിയയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഫിംഗര്‍ 4 ന് ചുറ്റുമുള്ള ചൈനീസ് നീക്കങ്ങളെ കണ്ണിമ ചിമ്മാതെ ഇന്ത്യന്‍ വിഭാഗം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചൈനീസ് സൈന്യവുമായുള്ള കയ്യാങ്കളിക്ക് പിന്നാലെ നാലുമാസം നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഇന്ത്യന്‍ സൈന്യം ഫിംഗര്‍ 4 ല്‍ നിലയുറപ്പിച്ചത്. ആഗസ്റ്റ് 29 നും 30 നും ഇടയിലെ രാത്രിയിലെ നീക്കത്തിലൂടെ പാംഗോഗ്സോ തടാത്തിന്റെ തെക്കന്‍ തീരത്തെ കുന്നുകള്‍ ഇന്ത്യ പിടിച്ചിരുന്നു. ഇവിടെ നിന്നും ചൈനീസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനാകും.
മുള്ളു കമ്പി വലിച്ചു കെട്ടിയാണ് ഇവിടം ഇന്ത്യന്‍ സൈന്യം സുരക്ഷിതമാക്കിയിരിക്കുകയാണ്. ഇവിടെ നിന്നും ഇന്ത്യന്‍ സൈന്യത്തെ മാറ്റാന്‍ ചൈനീസ് സേന തിങ്കളാഴ്ച മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചുഷൂല്‍ - മാള്‍ഡോ മേഖലയിലെ രണ്ടു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടും ഫലം കണ്ടിട്ടില്ല.






