കോട്ടയം: ഐ.എസ്.ആര്.ഒ ചാരക്കേസ് വ്യാജമായിരുന്നുവെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്ന് താന്‍ വിമര്‍ശിച്ചത് കെ. കരുണാകരന്റെ സര്‍ക്കാര്‍ അത് കൈകാര്യം ചെയ്ത രീതിയെ മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതലരായ നിലപാടിലും പലരും തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചാരക്കേസ് വ്യാജമായിരുന്നെന്ന് ഉറപ്പായിരുന്നു. സര്‍ക്കാര്‍ അത് കൈകാര്യം ചെയ്ത രീതിയെയാണ് താന്‍ എതിര്‍ത്തതത്. കോണ്‍ഗ്രസിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരായ കാര്യങ്ങള്‍ കെ. കരുണാകരന് സ്വീകരിച്ചു. അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെട്ടു. അത് സംഘടനാ കാര്യമാണ്. ചാരക്കേസുമായി ബന്ധമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. എന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഉപ്പോള്‍ പറയാനാകില്ല. മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുള്ള ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കഒമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച നേതാവാണ്. അദ്ദേഹം ഉന്നയിച്ച ഒരു വിഷയത്തിന് പോലും പൊതുജന പിന്തുണ ലഭിക്കാതിരുന്നിട്ടില്ല. അദ്ദേഹവും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണ് എന്നാല്‍ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം വിട്ടുപോയത് യു.ഡി.എഫിനെ ബാധിക്കില്ല. അവര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ യു.ഡി.എഫ് ആകുന്നത് ശ്രമിച്ചിട്ടുണ്ട്. ധാരണ ലംഘിച്ച് പ്രവര്‍ത്തിച്ചത് ജോസ് കെ. മാണിയാണ്. എന്നിട്ടും ഇപ്പോഴും അവരെ യു.ഡി.എഫ് പുറത്താക്കിയിട്ടില്ല. എന്നാല്‍ കെ.എം മാണിയെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം വേട്ടയാടിയവരുമായി ചേരാന്‍ ജോസ് കെ. മാണി തീരുമാനിക്കുകയായിരുന്നു. മാണിയുടെ ആത്മാവ് അതിനോട് പൊറുക്കില്ല. ജോസ് കെ. മാണി ചെയ്തത് തെറ്റായിരുന്നുവെന്ന് ചരിത്രം തെളിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.






