
ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശ് ആട്ടിന്‍തോലിട്ട ചെന്നായയാണെന്നും അഗ്നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതില്‍ ലജ്ജ തോന്നുന്നതായും വിവാദ പ്രസ്താവനയുമായി മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞ സ്വാമി അഗ്നിവേശ് മരണത്തിന് കീഴടങ്ങിയതിന് തൊട്ടു പിന്നാലെ ആയിരുന്നു നാഗേശ്വര റാവുവിന്റെ വിദ്വേഷ ട്വീറ്റ്.
അഗ്നിവേശിന്റെ കാര്യത്തില്‍ കാലനോട് തനിക്ക് ദേഷ്യമുണ്ടെന്നും കാലന് ഇക്കാര്യം ചെയ്യാന്‍ ഇത്രയും വൈകിയതെന്താണെന്നും അഗ്നിവേശിന്റെ മരണവുമായി ബന്ധപ്പെട്ട് നാഗേശ്വര റാവു പറഞ്ഞു. ‘‘അയാള്‍ ആട്ടിന്‍തോലിട്ട ചെന്നായയാണ്. ഹിന്ദുവിരുദ്ധനായ ഒരാള്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. അഗ്നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതില്‍ എനിക്ക് ലജ്ജതോന്നുന്നു. അയാളെ കൊണ്ടുപോകാന്‍ ഇത്ര വൈകിയതില്‍ കാലനോട് പോലും എനിക്ക് ദേഷ്യം തോന്നുന്നു.’’ ഇങ്ങിനെയായിരുന്നു ട്വീറ്റ്.
സന്യാസി ആയിരുന്നെങ്കിലും ഹിന്ദുത്വത്തിനെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ പല തവണ വിവാദത്തിലായ ആളാണ് സ്വാമി അഗ്നിവേശ്. ബീഫ് നിരോധനം പോലെയുള്ള കാര്യങ്ങളില്‍ എതിര്‍ത്ത് പ്രസ്താവന നടത്തിയതിന്റെ പേരില്‍ സനാതന ധര്‍മത്തിനെതിരെയാണ് അഗ്നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു. പരമ്പരാഗത ഹൈന്ദവ വിശ്വാസങ്ങളില്‍നിന്നു വിരുദ്ധമായ അദ്ദേഹത്തിന്റെ പല വാദങ്ങളും ബി.ജെ.പി.-ആര്.എസ്.എസ്. അനുകൂല സംഘടനകളുടെ എതിര്‍പ്പിനും വഴിവച്ചിരുന്നു.
ആന്ധ്രപ്രദേശ്, ശ്രീകാകുളത്തെ ബ്രാഹ്മണ കുടുംബത്തില്‍ 1939 സെപ്റ്റംബര്‍ 21 നായിരുന്നു ജനനം. വേപ ശ്യാം റാവു എന്നായിരുന്നു പേര്. സര്‍വസംഗപരിത്യാഗിയായി 1970-ല്‍ സന്യാസം സ്വീകരിച്ചതോടെ സ്വാമി അഗ്നിവേശ് എന്നു പേരു മാറ്റി. അതേവര്‍ഷംതന്നെ സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജ ആശയങ്ങളില്‍ ആകൃഷ്ടനായി ആര്യ സഭയെന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. 1977-ല്‍ ഹരിയാനാ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി. ഇക്കാലയളവില്‍ ഡല്‍ഹിയിലടക്കം നിലനിന്നിരുന്ന അടിമവേലയ്ക്കെതിരായ പ്രചാരണത്തിനായി ബോണ്ടഡ് ലേബര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടന സ്ഥാപിച്ചു.
സ്ത്രീ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായി വാദിച്ച അഗ്നിവേശ് പെണ്ഭ്രൂണഹത്യയ്ക്കെതിരായ പോരാട്ടങ്ങളിലും സജീവമായിരുന്നു. ' 2004 മുതല്‍ 2014 വരെ ആര്യ സമാജത്തിന്റെ ആഗോള കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഗ്നിവേശിനെ ആര്യസമാജില്നിന്നു പുറത്താക്കിയെങ്കിലും സന്യാസജീവിതം തുടര്‍ന്നു. വെള്ളിയാഴ്ച വൈകീട്ട് ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.






