തിരുവനന്തപുരം: സംസ്ഥാനത്തെ 33-ാമത് മെഡിക്കല്‍ കോളജായ കോന്നി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായി. കോന്നി ഗവം മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗം മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10.30 വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടന ചടങ്ങ്.
മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്െ്റ നടുത്തളത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. അമ്പതില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കൂ. ഉദ്ഘാടന ചടങ്ങില്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പൊതുജനങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുകയാണ്.
പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളേജ് ഒരു മുതല്‍ക്കൂട്ടായി മാറും. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്.
കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമായ 50 ഏക്കര്‍ ഭൂമിയിൽ ആശുപത്രി മന്ദിരവും അക്കാദമിക് ബ്ലോക്കും ഉള്‍പ്പെടെ 49,200 സ്ക്വയര്‍ മീറ്റര്‍ കെട്ടിട നിർമ്മാണമാണ് പൂർത്തീകരിച്ചത്.
കോവിഡിന്റെ പ്രതികൂലമായ സാഹചര്യമാണ് രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്നത്. ഇതിനെ നേരിടാനുള്ള പോരാട്ടത്തിലാണ് ആരോഗ്യമേഖല. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കോവിഡിനെതിരെ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരും. ഉദ്ഘാടന ചടങ്ങ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടക്കുക.






