ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഇന്ത്യ എഗനിസ്റ്റ് കറപ്ഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്നില്‍ ആര്.എസ്.എസ് ആയിരുന്നുവെന്ന പ്രശാന്ത് ഭൂഷന്െ്റ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്ന ഒരു കാര്യം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷന് തന്നെ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് വാര്‍ത്ത പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
അഴിമതി വിരുദ്ധ പ്രസ്താനവും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനായി ആര്.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്തതാണ് -രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ എഗനിസ്റ്റ് കറപ്ഷന്‍ പിന്നില്‍ ആര്.എസ്.എസ് ആയിരുന്നുവെന്ന് ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ് വെളിപ്പെടുത്തിയത്. അരവിന്ദ് കെജ്രിവാള് ആര്.എസ്.എസ് പ്രചാരകനാണെന്ന് സംശയമില്ലെന്നും പ്രശാന്ത് ഭൂഷന് പറഞ്ഞിരുന്നു. കെജ്രിവാളിനെ മനസിലാക്കാന്‍ വൈകിപ്പോയെന്നും ഭൂഷന് പറഞ്ഞിരുന്നു.






