
തിരുവനന്തപുരം: ജലീല്‍ വിവാദത്തില്‍ ഖുറാനും ബി.ജെ.പി. ബാന്ധവവും ഉയര്‍ത്തി കഴിഞ്ഞദിവസം മുതല്‍ സി.പി.എം. തുടക്കം കുറിച്ച പ്രചരണത്തെ പ്രതിരോധിക്കാനുള്ള കഠിനപ്രയത്നത്തില്‍ യു.ഡി.എഫ്.
ഇന്നലെ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ തമ്മില്‍ ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി. സി.പി.എമ്മിന്റെ നീക്കം യു.ഡി.എഫിന്റെ അടിത്തറയായ മുസ്ലിം വിഭാഗത്തിനെ ഉന്നംവച്ചാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ്. മറുതന്ത്രം മെനയുന്നത്.
മന്ത്രി കെ.ടി. ജലീലിനെതിരായ നീക്കങ്ങളെ ഖുറാന് വിരുദ്ധ പ്രചരണമാക്കി ചിത്രീകരിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രിയാണ് രംഗത്ത് എത്തിയത്. ബോധപൂര്‍വമാണ് ലീഗിന്റെ പേരുന്നയിച്ചതും. ഇന്നലെ സി.പി.എം. അത് ഏറ്റെടുത്തുകൊണ്ട് ശക്തമായി രംഗത്തെത്തിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖുറാനും സക്കാത്തും വലിച്ചിഴയ്ക്കുന്നതില്‍ വിവിധ മുസ്ലിം സംഘടനകളും അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ലീഗിന്റെ വോട്ട് ബാങ്ക് ലക്ഷ്യവച്ചാണ് സി.പി.എമ്മിന്റെ പ്രചാരണ പരിപാടികളും.
ഇന്നലെ കണ്‍ന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ വിവാദവിഷയങ്ങളില്‍ മറുപടി പറയാന്‍ കഴിയാത്ത സി.പി.എം ഖുറാനെ വിവാദത്തിന്റെ ഭാഗമാക്കി രക്ഷപ്പെടാന്‍ നോക്കുകയാണെന്ന് യോഗം വിലയിരുത്തി.
ഇക്കാര്യത്തില്‍ മുസ്ലീം സംഘടനകളുടെ പിന്തുണ ഭരണപക്ഷത്തിന് കിട്ടില്ലെന്നും ലീഗ് നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ നടത്തിവരുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനമായി.






