
കോട്ടയം: മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു കോട്ടയം സബ് കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പള്ളി വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം. തങ്ങള്‍ക്ക് ഏറെ വൈകാരിക ബന്ധമുള്ള പള്ളി വിട്ടു കൊടുക്കില്ലെന്നും സഭാതര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിന് നിയമനിര്‍മ്മാണം വേണമെന്നും യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന അധിപന് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
നാലായിരത്തോളം വരുന്ന യാക്കോബായ കുടുംബങ്ങളുള്ള ഇടവകയില്‍ നാമമാത്ര അംഗങ്ങള്‍ മാത്രമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ളത്. അവരെക്കൊണ്ടു പള്ളി നടത്തിക്കൊണ്ടു പോകാനാകില്ല. ഓര്‍ത്തഡോക്സ് സഭ നേരത്തേ ഏറ്റെടുത്ത പല പള്ളികളും അവര്‍ക്ക് നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും മണര്‍കാട് പള്ളിയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും പറഞ്ഞു. 2017 ലെ സുപ്രീംകോടതി വിധിയില്‍ ഇടവക പള്ളികളിലെ ജനങ്ങളെ പള്ളിയില്‍ നിന്നും ഇറക്കി വിടാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതില്‍ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞു.
യാക്കോബായ സഭയുടെ കീഴിലുള്ള മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന കോട്ടയം സബ് കോടതി വിധിയുടെ പകര്‍പ്പു ലഭിച്ചശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നു മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഭാരവാഹികള്‍ പറഞ്ഞു. കത്തീഡ്രലിലെ മൂവായിരത്തില്‍പ്പരം ഇടവക കുടുംബങ്ങളില്‍ മൂന്നു വീട്ടുകാര്‍ മാത്രമാണു കൂറുമാറി പള്ളിക്കെതിരായി കേസ് കൊടുത്തിട്ടുള്ളത്. നീതി നിഷേധത്തിനെതിരേ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
കോട്ടയം സബ്കോടതി വിധി ചര്‍ച്ച ചെയ്യുന്നതിന് ഇടവക വികാരി ഇ.ടി. കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ ഇട്ട്യാടത്തിന്റെ അധ്യക്ഷതയില്‍ കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി അടിയന്തരയോഗം ചേരുകയും ചെയ്തിട്ടുണ്ട്. പള്ളിയുടെ അഖണ്ഡതയ്ക്കും സത്യവിശ്വാസത്തിനും കോട്ടം തട്ടാതെ പള്ളിയെയും പള്ളിവക സ്ഥാപനങ്ങളെയും പൂര്‍ണമായും പരിരക്ഷിക്കുമെന്നു യോഗം ഏകകണ്ഠമായി പ്രഖ്യാപിച്ചു.
1934ലെ ഭരണഘടന അനുസരിക്കുന്നവരുടെ പൊതുയോഗം വിളിച്ചുകൂട്ടി അതേ ഭരണഘടനയനുസരിച്ച് ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നും കണക്കുകളും മറ്റു രേഖകളും താക്കോലും പുതിയ ഭരണസമിതിക്കു കൈമാറണമെന്നുമാണ് ഉത്തരവ്. വിധിക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്നു മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി അറിയിച്ചു.






