
കോട്ടയം : ബി.ഡി.ജെ.എസുമായി തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു എന്‍.ഡി.എയുടെ ഭാഗമായി മാറുന്നതിനു നടത്തിയ നീക്കത്തിനു തിരിച്ചടി. ഡല്‍ഹിയിലെത്തി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെ കാണാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.
എന്‍.ഡി.എയില്‍ ഘടകകക്ഷിയാക്കാമെന്ന് ഉറപ്പുലഭിച്ചാല്‍ ബി.ഡി.ജെ.എസില്‍നിന്ന് ഒരു വിഭാഗത്തെ പിളര്ത്തിയെടുക്കാനായിരുന്നു സുഭാഷ് വാസുവിന്റെ നീക്കം. അടുത്തിടെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നു സുഭാഷ് വാസുവിനെ നീക്കിയിരുന്നു.
ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെങ്കിലും സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ബി.ഡി.ജെ.എസ്. നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണു സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നു നീക്കംചെയ്തത്.
ബി.ഡി.ജെ.എസ് നേതാവ് താനാണെന്നാണു സുഭാഷ് വാസു അവകാശപ്പെട്ടിരുന്നത്. ഈ കാരണം പറഞ്ഞാണു ചെയര്മാന് സ്ഥാനം ഒഴിയാതിരുന്നത്. മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയനിലെ സാമ്പത്തിക തിരിമറിക്കേസില്‍ സുഭാഷ് വാസു അന്വേഷണം നേരിടുകയാണ്. ഇതും ബി.ജെ.പി. ദേശീയനേതൃത്വം അകലം പാലിക്കാന്‍ കാരണമായെന്നാണു സൂചന.






