
കട്ടപ്പന: ബി.ആര് 75 ടി.ബി 173964 എന്ന നമ്പറിട്ടാണ് ഭാഗ്യദേവത മലകയറിയത്. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ ഒറ്റയടിപ്പാത കടന്ന് മല വലിഞ്ഞുകയറി എത്തിയത് ഇരട്ടയാര്‍ വലിയതോവാളയില്‍ മഴക്കാലത്ത് പോലും വെള്ളം കാശുകൊടുത്തുവാങ്ങേണ്ടിവന്ന ആ കുഞ്ഞുവീട്ടില്‍. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ആ കൊച്ചുവീടാണ് ഇത്തവണത്തെ ഓണക്കോടീശ്വരന്റേത്.
സംസ്ഥാനസര്‍ക്കാരിന്റെ ഓണം ബമ്പറടിച്ച അനന്ദു ഈ കൊച്ചുവീട്ടിന് ഇനിയും വിശ്വസിക്കാനാവാത്ത ഭാഗ്യവും. വലിയതോവാള പൂവത്തോലില്‍ വിജയന്-സുമ ദമ്പതികളുടെ 24 വയസുകാരനായ മകന് അനന്തു എറണാകുളം എളങ്കുളം ക്ഷേത്രത്തിലെ ജീവനക്കാനാണ്. പിതാവ് വിജയന് പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്ദുവും ടിക്കറ്റ് എടുത്തു തുടങ്ങിയത്. ഇത്തവണത്തെ ഓണം ബമ്പറും ഇരുവരും എടുത്തിരുന്നു. വിജയന് കട്ടപ്പനയില്‍ നിന്നും അനന്ദു എറണാകുളത്ത് നിന്നുമാണ് ടിക്കറ്റെടുത്ത്.
കുന്നിന്മുകളില് 50 വര്‍ഷം മുമ്പ് പണിത വീട്ടിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടിന്റെ സ്ഥാനത്ത് ഒരു കൊച്ചുവീട് ലൈഫ് ഭവന പദ്ധതിയിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ആ സ്വപ്നത്തിന് അതിന്റെ നൂറിരട്ടി വലിയൊരു ലൈഫ് കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു വീടെന്നതാണ് അനന്ദുവിന്റേയും കുടുംബാംഗങ്ങളുടെയും സ്വപ്നം.
പെയിന്റിങ് തൊഴിലാളിയാണ് വിജയന്. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയാണ് ഭാര്യ സുമ. മൂത്തമകള്‍ ആതിര ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. എന്നാല്‍ ലോക്ഡൗണില്‍ താല്‍ക്കാലിക ജോലി നഷ്ടമായി. അനന്ദുവും അനുജന് അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിക്കാന്‍ പോയില്ല. അരവിന്ദ് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലാണ്.
എറണാകുളത്തായിരുന്ന അനന്ദു ലോട്ടറി അടിച്ച വിവരം വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല. യാഥാര്ത്ഥ്യമാണെന്നറിഞ്ഞതോടെ ഞെട്ടല്‍ മാറാന്‍ മണിക്കൂറുകളെടുത്തെന്നും സന്തോഷവും അമ്പരപ്പുംമൂലം റിസല്‍ട്ടറിഞ്ഞ രാത്രി രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയതെന്നും അനന്തു 'മംഗള'ത്തോട് പറഞ്ഞു.
എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് ഇന്നലെ വൈകിട്ട് അഞ്ചോടെ അനന്ദു വലിയതോവാളയിലെ വീട്ടിലെത്തി. കോടിപതിയെ കാണാന്‍ കൂട്ടുകാരും നാട്ടുകാരുമെല്ലാം കാത്തുനില്‍പ്പുണ്ടായിരുന്നു. മലമുകളില്‍നിന്ന് ഇറങ്ങി പത്ത് സെന്റ് സ്ഥലം വാങ്ങി ഒരു കൊച്ചു വീട്വയ്ക്കണം, അനന്തുവിനേയും അരവിന്ദിനേയും ഇനിയും പഠിപ്പിക്കണം, മകളുടെ വിവാഹം ഇതൊക്കെയാണ് മാതാപിതാക്കളുടെ ആഗ്രഹങ്ങങ്ങള്. അനന്തുവിന്റെ ആഗ്രഹണങ്ങളെക്കുറിച്ചു ചോദിച്ചാല്‍ എല്ലാം അച്ഛന്റെയും അമ്മയുടെയും ഇഷ്ടമെന്നാണ് മറുപടി.






