
ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാര് നിരോധിത ആപ്പുകള്‍ മുഖേന നടത്തിയ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ ഭാഗമായി പേ-ടി.എം വഴിയും എച്ച്.എസ്.ബി.സി. ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കൈമാറ്റം ചെയ്ത ശതകോടികള്‍ ലഭിച്ചവരെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി.
വിദേശത്തേക്കുള്ള പണമിടപാടുകള്‍ക്കാണ് പേ-ടി.എമ്മിനെയും എച്ച്.എസ്.ബി.സി. ബാങ്കിനെയും ഉപയോഗിച്ചത്.
ഒരു ചൈനീസ് പൗരനെയും ഇന്ത്യക്കാരായ രണ്ടു സഹായികളെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന ഹൈദരാബാദിലെ പ്രത്യേക കോടതി ചൊവ്വാഴ്ച എട്ടു ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ദോകിപേ ടെക്നോളജി, ലിങ്ക്യുന്‍ ടെക്നോളജി എന്നീ കമ്പനികള്‍ രൂപീകരിച്ച് അവയിലലൂടെയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തട്ടിപ്പ് നടത്തിയത്. 10,000 കോടിയോളം രൂപ കൈമറിഞ്ഞെന്നാണു നിഗമനം. മൈക്രോ വായ്പകള്‍ക്കായി ബാങ്കിതര ധനകാര്യ സ്ഥാപനം തുടങ്ങാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും ലൈസന്‍സ് അപേക്ഷ അംഗീകരിക്കപ്പെട്ടില്ല.






