
ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തും ലഹരി ഉപയോഗം ഉണ്ടെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചില ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടതായാണ് വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
''കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം കാണാന്‍ ഒരിക്കല്‍ ഞാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നു. മത്സരത്തിന് ശേഷം അവരുടെ പാര്‍ട്ടിക്കും എന്നെ ക്ഷണിച്ചു. ഈ പാര്‍ട്ടിയില്‍ പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടേയും ഭാര്യമാരും പങ്കെടുത്തിരുന്നു. പാര്‍ട്ടി നന്നായി ആസ്വദിച്ചു. നൃത്തം ചെയ്തതിന്റെ ക്ഷീണം കാരണം വാഷ് റൂമില്‍ പോയി. ഞെട്ടിക്കുന്ന കാഴ്ചയാണു ഞാന്‍ അവിടെ കണ്ടത്. താരങ്ങളുടെ ഭാര്യമാര്‍ വാഷ്റൂം ഏരിയയില്‍നിന്ന് കൊക്കെയ്ന്‍ ഉപയോഗിക്കുകയായിരുന്നു.'' ഷെര്‍ലിന്‍ വെളിപ്പെടുത്തി.
എന്നാല്‍, ഏത് സീസണില്‍ നടന്ന സംഭവമാണിതെന്നോ ആരാണ് ലഹരി ഉപയോഗിച്ചതെന്നോ വെളിപ്പെടുത്താനും താരം തയ്യാറായില്ല. 'എന്‍സിബി ചോദ്യം ചെയ്യാന്‍ എന്നെ വിളിക്കുകയാണെങ്കില്‍ സഹായിക്കാന്‍ തയാറാണ്. ബോളിവുഡിലെ മയക്കുമരുന്ന് സംഘത്തെ പുറത്തുകൊണ്ടുവരുന്നതിന് അവര്‍ നടത്തുന്ന ശ്രമങ്ങളില്‍ സന്തോഷമുണ്ടെ'ന്നും നടി പറഞ്ഞു.






