
ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയും ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ബോണ്ട് ചിത്രങ്ങള്‍. ഇംഗ്ലിഷ് നോവലിസ്റ്റായ ഇയാന്‍ ഫ്ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമായ ജയിംസ് ബോണ്ട് തികച്ചും സാങ്കല്പികമാണെന്നും അതല്ല, ഇയാന്‍ ഫ്ലെമിങ് ആരെയോ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്നും പലകാലങ്ങളായി വാദഗതിയുണ്ട്. ജയിംസ് ബോണ്ട് എന്നൊരു ബ്രിട്ടിഷ് ചാരന് യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നിരുന്നുവെന്നുള്ള വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്.
ജയിംസ് ആല്‍ബര്‍ട് ബോണ്ട് എന്നാണ് ചാരന്റെ മുഴുവന്‍ പേരെന്നാണ് പോളണ്ടിലെ ഒരു ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷനല്‍ റിമംബ്രന്‍സ് വ്യക്തമാക്കുന്നത്. 1947 മുതല്‍ 1991 വരെ അമേരിക്കയും റഷ്യയും തമ്മില്‍ കനത്ത മല്‍സരം എല്ലാ മേഖലയിലും നിലനിന്നിരുന്നു. ശീതയുദ്ധകാലം എന്നു വിളിക്കുന്ന ഈ കാലത്ത് പോളണ്ടിലേക്ക് ബ്രിട്ടന് രഹസ്യദൗത്യത്തിനയച്ചതാണ് ബോണ്ടിനെയെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷനല്‍ റിമംബ്രന്‍സ് വ്യക്തമാക്കുന്നത്. അമേരിക്കയെ പിന്താങ്ങുന്ന സമീപനമായിരുന്നു ബ്രിട്ടന്. പോളണ്ടാണെങ്കില്‍ റഷ്യ നയിക്കുന്ന കമ്യൂണിസ്റ്റ് ചേരിയില്‍പ്പെട്ട തന്ത്രപ്രധാനമായ രാജ്യവും. 1964ല്‍ പോളിഷ് തലസ്ഥാനം വാഴ്സയില്‍ ബോണ്ട് എത്തി. പോളണ്ടിലെ ബ്രിട്ടിഷ് എംബസിയില്‍ ഒരു സാധാരണ ഉദ്യോഗസ്ഥന് എന്ന നിലയിലായിലായിരുന്നു എത്തിയത്.
എന്നാല്‍ യഥാര്‍ഥത്തില്‍ പോളണ്ടിന്റെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു ബോണ്ടിന്റെ ലക്ഷ്യം. ബോണ്ട് എത്തിയപ്പോള്‍ തന്നെ പോളണ്ടിന്റെ ചാര ഏജന്‍സികള്‍ ബോണ്ടിനെ മനസിലാക്കി. തുടര്‍ന്ന് ഇവര്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയതിനാല്‍ ബോണ്ടിന്റെ ലക്ഷ്യങ്ങളൊന്നും നടന്നില്ല. പോളണ്ടിനെ തൊട്ടുകളിക്കുന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹത്തിനു ശരിക്കും മനസ്സിലായി. തുടര്‍ന്ന് നിരാശനായ ബോണ്ട് 1965ല്‍ പോളണ്ട് വിട്ടു സ്വന്തം രാജ്യമായ ബ്രിട്ടനിലേക്കു മടങ്ങിയെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷനല്‍ റിമംബ്രന്‍സ് വ്യക്തമാക്കുന്നത്.






