
ന്യൂഡല്‍ഹി: കോഹ്ലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ അനുഷ്കയ്ക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്കര്‍.ഗവാസ്കറിനെതിരെ അനുഷ്ക ശര്‍മ്മയും രംഗത്തെത്തിയതിനു പിന്നാലെയാണ് വിശദീകരണം.
കോഹ്ലി സെഞ്ചുറി നേടുമ്പോള്ആരും അതിന്റെ ക്രെഡിറ്റ് അനുഷ്കയ്ക്ക് നല്‍കാറില്ല. ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കുന്ന ആളാണ് താന്‍. വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്കൊപ്പം പങ്കാളികളെ കൂടെ അനുവദിക്കണമെന്ന നിലപാടാണ് എക്കാലവും തന്റേതന്നും ഗവാസ്കര്‍ ചുണ്ടിക്കാട്ടി.
ആ കമന്ററിയില്‍ ഞാനും ആകാശ് ചോപ്രയും ഹിന്ദി ചാനലിനു വേണ്ടിയാണ് വിവരം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ എല്ലാവര്ക്കും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിക്കുമെന്ന് സംസാരിക്കുകയായിരുന്നു. ആദ്യ മത്സരങ്ങളില്‍ മിക്ക താരങ്ങള്‍ക്കും അതിന്റേതായ പ്രശ്നങ്ങളും കണ്ടിരുന്നു. ആദ്യ മത്സരത്തില്‍ രോഹിത്തിന് പന്ത് ഉദ്ദേശിച്ച രീതിയില്‍ അടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പരിശീലനത്തിന്റെ കുറവ് എല്ലാവരേയും പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഗവാസ്കര്‍ പറഞ്ഞു.
ആകെക്കൂടി കോഹ്ലി ബാറ്റെടുത്തത് കണ്ടത് താമസ സ്ഥലത്ത് അനുഷ്ക ശര്‍മ്മ ബോള്‍ ചെയ്യുന്ന വീഡിയോയിലാണ്. അതാണ് താന്‍ അവിടെ പരാമര്‍ശിച്ചത്. അതിന് ബോളിങ് എന്ന് തന്നെയല്ലേ പറയുന്നത്. ഞാന്‍ മറ്റെന്തെങ്കിലും വാക്ക് ഉപയോഗിച്ചോ? അതില്‍ എവിടെയാണ് ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നത്. അതിലെവിടെയാണ് സ്ത്രീ വിരുദ്ധത.






