
കൊല്‍ക്കത്ത: പാര്‍ട്ടി പുനഃസംഘടനയില്‍ തഴയപ്പെട്ടതില്‍ പ്രതിഷേധം പരസ്യമാക്കി ബംഗാള്‍ ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ. ബി.ജെ.പി ദേശീയ സെക്രട്ടറിയായിരുന്ന രാഹുല്‍ സിന്‍ഹയെ ഒഴിവാക്കി തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ നേതാവിനെയാണ് പുതുതായി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മമതയുടെ വിശ്വസ്തനായിരുന്ന തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ മുകുള്‍ റോയിക്കും ബി.ജെ.പി ദേശീയ പദവി നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ പരമ്പരാഗതമായി പ്രവര്‍ത്തിച്ചുവന്ന നേതാക്കളെ ഒഴിവാക്കി തൃണമുല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂറുമാറി എത്തിയവര്‍ക്ക് ദേശീയ പദവികള്‍ നല്‍കിയതില്‍ ബി.ജെ.പി ബംഗാള്‍ ഘടകത്തില്‍ അമര്‍ഷം പുകയുകയാണ്.
40 വര്‍ഷം പാര്‍ട്ടിയെ സേവിച്ചതിന്റെ പ്രതിഫലമാണിതെന്ന് രാഹുല്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. ബി.ജെ.പി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയെ സേവിച്ച താന്‍ ഒരു തൃണമുല്‍ കോണ്‍ഗ്രസ് നേതാവിന് വേണ്ടി സ്ഥാനമൊഴിയേണ്ടി വന്നതിലും ദൗര്‍ഭാഗ്യകരമായി ഒന്നുമില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നല്കിയ ഈ പ്രതിഫലത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനില്ല. 10-12 ദിവസങ്ങള്‍ക്കുള്ളില്‍ തനിക്ക് പറയാനുള്ളത് പറയും ഭാവി തീരുമാനം അപ്പോള്‍ പ്രഖ്യാപിക്കുമെന്നും രാഹുല്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.
ബംഗാളിയിലും ഹിന്ദിയിലുമായാണ് രാഹുല്‍ സിന്‍ഹ തന്റെ ട്വിറ്റര്‍ വീഡിയോ സന്ദേശം പുറത്തുവിട്ടത്. തൃണമുല്‍ കോണ്‍ഗ്രസ് വിട്ടുവന്ന അനുപം ഹസാരെയാണ് രാഹുല്‍ സിന്‍ഹയ്ക്ക് പകരം ദേശീയ ജനറല്‍ സെക്രട്ടറിയായി ബി.ജെ.പി നിയമിച്ചത്. ബോലാപൂര്‍ എം.പിയായിരുന്ന ഹസ്ര കഴിഞ്ഞ വര്‍ഷം തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. ബി.ജെ.പി ടിക്കറ്റില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചുവെങ്കിലും തൃണമുലിന്റെ മിമി ചക്രബര്‍ത്തിയോട് പരാജയപ്പെട്ടു.
ശാരദ ചിട്ടി തട്ടിപ്പില്‍ മുഖ്യപ്രതിയായിരുന്ന മുകുള്‍ റോയിയെ ദേശീയ വൈസ് പ്രസിഡന്്റായാണ് ബി.ജെ.പി നിയമിച്ചത്. നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ശാരദ ചിട്ടി കേസില്‍ റോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പരമ്പരാഗത ബി.ജെ.പി നേതാക്കളെ തഴഞ്ഞ് മറ്റ പാര്‍ട്ടികളില്‍ നിന്ന് കൂറുമമാറി എത്തിയവരെയാണ് ദേശീയ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ മാറിയെത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയപ്പോള്‍, കോണ്‍ഗ്രസ് വിട്ട് എത്തിയ ടോം വടക്കനെ ദേശീയ വക്താവായി നിയമിച്ചു.







Comments