തിരുച്ചിറപ്പള്ളി: സാമൂഹ്യ പരിഷ്കര്‍ത്താവ് പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണം. പെരിയാര്‍ പ്രതിമയില്‍ അക്രമികള്‍ കാവി നിറമൊഴിച്ച് വികൃതമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ഒന്നു വര്‍ഷത്തിനുള്ളില്‍ നിരവധി തവണയാണ് പെരിയാറിന്റെ ഓര്‍മ്മകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്.
സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് തിരിച്ചിറപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഈ വര്‍ഷം ആദ്യം ചെങ്കല്‍പ്പേട്ടിലും പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കൂടാതെ സംഘപരിവാര്‍, ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ നിരന്തരം പ്രസ്താവനകളിലൂടെയും അവഹേളിക്കാന്‍ ശ്രമിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ അധസസ്ഥിത ജനവിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് പോരാടിയ നേതാവാണ് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍. തമിഴ്നാട്ടിലെ ഈറോജ് ജില്ലയില്‍ 1879 സെപ്റ്റംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്. അക്കാലത്തെ സവര്‍ണ ഹി്ന്ദുത്വ ജാതീയ മേല്‍ക്കോയ്മയ്ക്കെതിരെ അദ്ദേഹം പോരാടി. തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറ പാകിയത് പെരിയാറിന്റെ പോരാട്ടങ്ങളാണ്.
ഹി്ന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെയും അദ്ദേഹം പോരാട്ടത്തിന് നേതൃത്വം കൊടുത്തു. സ്വാഭിമാന പ്രസ്ഥാനം, ദ്രാവിഡ കഴകം മുതലായ ദ്രാവിഡ മുന്നേറ്റ പോരാട്ടങ്ങളുടെ നേതാവാണ് അദ്ദേഹം വൈക്കം സത്യഗ്രഹത്തിനും അദ്ദേഹം പിന്തുണ നല്‍കിയിട്ടുണ്ട്.






