
കൊച്ചി: പാലാരിവട്ടം പാലം പൊളിക്കലിന്റെ ഭാഗമായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. രാവിലെ 9 മണിേയാടെയാണ് നടപടികള്‍ ക്രമങ്ങള്‍ ആരംഭിച്ചത്. ടാറ് മാറ്റുകയാണ് ആദ്യ ഘട്ടം. ഡി.എം.ആര്.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.
പാലം പൊളിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ഗതാഗതം തിരിച്ചുവിടുന്നതിനുള്ള തീരുമാനങ്ങള്‍ ഇന്ന് കൈക്കൊള്ളും. ഇതിനായി സിറ്റി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം നടക്കും. പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്ട്ടന് വിരിക്കും. ഡി.എം.ആര്.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പാലത്തില്‍ ആകെയുള്ള 17 സ്പാനില്‍ 15 എണ്ണം കട്ടുചെയ്ത് നീക്കി പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. പാലത്തിന്റെ മധ്യഭാഗത്തേയും ഇടപ്പള്ളി ഭാഗത്തെ ഒരു സ്പാനും പ്രീ സ്ട്രെസ്ഡ് ഗര്‍ഡര്‍ ആയതിനാല്‍ നിലവില്‍ ഇവ മാറ്റുന്നില്ല. എന്നാല്‍ പാലം പൊളിച്ചു തുടങ്ങുമ്പോള്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതും നീക്കും. നിലവിലെ ബലക്ഷയമുള്ള പിയര്‍ ക്യാപ്പുകള്‍ ബലപ്പെടുത്തിയാല്‍ മതിയെന്നതാണ് തീരുമാനം. പക്ഷേ, ഇതിന് സാധ്യമായില്ലെങ്കില്‍ പിയര്‍ ക്യാപ്പുകളും മാറ്റിയേക്കും.




