
ഷാര്‍ജ: ഞായറാഴ്ച നടന്ന രാജസ്ഥാന് റോയല്‍സും പഞ്ചാബ് കിങ്സ് ഇലവനും തമ്മില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരം കണ്ടവര്‍ക്കാര്‍ക്കും അത്രപെട്ടെന്നു മറക്കാനാകില്ല. കിങ്സ് ഇലവന്റെ 223 റണ്ണിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത റോയല്‍സ് നാല് വിക്കറ്റിനാണു ജയിച്ചത്. ഐ.പി.എല്ലിലെ പിന്തുടര്ന്നു നേടുന്ന മികച്ച ജയങ്ങളിലൊന്നു കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്ണെടുത്തു. കളി തീരാന്‍ മൂന്ന് പന്ത് ശേഷിക്കേയാണു റോയല്‍സ് വിജയ റണ്ണെടുത്തത്്. റോയല്‍സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍. ലെഗ് സ്പിന്നര്‍ മുരുഗന് അശ്വിന് എറിഞ്ഞ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ റിയാന്‍ പരാഗ് (0) പുറത്തായി. പിന്നാലെയെത്തിയ ടോം കുറാന് മൂന്നാമത്തെ പന്ത് അതിര്‍ത്തി കടത്തിയതോടെ 13-ാം സീസണിലെ അവിസ്മരീണയ ജയം പിറന്നു. റോയല്‍സിന് ജോസ് ബട്ട്ലറിനെ (നാല്) തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും നായകനും ഓപ്പണറുമായ സ്റ്റീവ് സ്മിത്ത് (27 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം 50), മലയാളി താരം സഞ്ജു സാംസണ് (42 പന്തില്‍ ഏഴ് സിക്സറും നാല് ഫോറുമടക്കം 85) എന്നിവര്‍ മികച്ച നിലയിലെത്തിച്ചു. സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.
സ്മിത്തിനെ ജിമ്മി നീഷാമും സഞ്ജുവിനെ മുഹമ്മദ് ഷമിയും പുറത്താക്കി. നാലാം സ്ഥാനത്തേക്കു സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഇടംകൈയന്‍ രാഹുല്‍ തെവാതിയ മത്്സരം വഴിതിരിച്ചു. ഒന്‍പതാം ഓവറില്‍ തെവാതിയ ക്രീസിലെത്തുമ്പോള്‍ ഓവറില്‍ 11.27 എന്ന തോതില്‍ റണ്ണെടുക്കേണ്ട അവസ്ഥയിലായിരുന്നു.
ഇടംകൈയന്‍ ബാറ്റ്സ്മാനെ തളയ്ക്കാന്‍ ഓഫ് സ്പിന്നര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെയാണ് കിങ്സ് ഇലവന് നായകന് ലോകേഷ് രാഹുല്‍ നിയോഗിച്ചത്്. രാഹുലിന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. മാക്സ്വെല് എറിഞ്ഞ രണ്ട് ഓവറില്‍ ഒരു ബൗണ്ടറി പോലും പിറന്നില്ല. 12-ാം ഓവര്‍ പിന്നിടുമ്പോള്‍ തെവാതിയ പത്ത് പന്തില്‍ അഞ്ച് റണ്ണെന്ന നിലയിലായിരുന്നു. 2009 ലെ ട്വന്റി20 ലോകകപ്പില്‍ രവീന്ദ്ര ജഡേജയ്ക്കു സ്ഥാനക്കയറ്റം നല്കി ബാറ്റിങ്ങിന് അയച്ച ധോണിയുടെ അവസ്ഥ കമന്റേറ്റര്‍മാര്‍ ഓര്‍മിപ്പിച്ചു. 154 റണ്‍ പിന്തുടരാന് വിട്ട ജഡേജ 35 പന്തില്‍ 25 റണ്ണുമായിനിന്നു. റണ്ണെടുത്തുമില്ല, പുറത്തായുമില്ല എന്ന അവസ്ഥ. കിങ്സ് ഇലവനെതിരേ ഒരറ്റത്തു സഞ്ജു അടിച്ചു തകര്‍ത്തതിനാല്‍ ടീമിന് ഇതുവലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. 17-ാം ഓവറില്‍ സഞ്ജുവിനെ മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ലോകേഷ് രാഹുല്‍ പിടികൂടിയതോടെ സ്മിത്ത് ഉള്‍പ്പെടെയുള്ളവരുടെ മുഖം ഇരുണ്ടു.
പിന്നാലെ വന്ന റോബിന് ഉത്തപ്പ ഓവറില്‍ രണ്ട് ഫോറടിച്ച് കളി അവസാനിച്ചില്ലെന്ന് ഓര്‍മിപ്പിച്ചു. 23 പന്തില്‍ 17 റണ്ണുമായി തുഴഞ്ഞ തെവാതിയയുടെ രൂപം മാറിയത് 18-ാം ഓവറിലാണ്. ഷിംറോണ്‍ കോട്രാല്‍ എറിഞ്ഞ ഓവറിലെ അഞ്ച് പന്തുകള്‍ സിക്സറടിച്ചതോടെ കളി മാറി. നാലു പന്തുകള്‍ നിലംതൊടാതെ പറന്നതോടെ കിങ്സ് ഇലവന് താരങ്ങള്‍ ചര്‍ച്ച തുടങ്ങി. അഞ്ചാമത്തെ പന്ത് തെവാതിയയെ കമ്പളിപ്പിച്ചെങ്കിലും അവസാന പന്ത് ഒരുവട്ടം കൂടി നിലംതൊടാതെ പറന്നു. ഓവര്‍ അവസാനിപ്പിച്ചപ്പോഴേക്കും ട്വന്റി20 യിലെ തന്റെ റെക്കോഡ് പങ്ക് വയ്ക്കേണ്ടി വന്നില്ലെന്ന്് ഇന്ത്യയുടെ മുന്‍താരം യുവ്രാജ് സിങിന്റെ കമന്റെത്തി. പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓവറിലെ എല്ലാ പന്തും സിക്സറടിച്ചു യുവി റെക്കോഡിട്ടിരുന്നു. 19-ാം ഓവര്‍ എറിഞ്ഞ ഷമി റോബിന് ഉത്തപ്പയെയും (നാല് പന്തില്‍ ഒന്‍പത്) തെവാതിയെയും (31 പന്തില്‍ ഏഴ് സിക്സറുകളടക്കം 53) പുറത്താക്കി.
അതിനു മുമ്പു തന്നെ ജോഫ്ര ആര്‍ച്ചറുടെ മൂന്ന് സിക്സറുകള്‍ റോയല്‍സിനെ ലക്ഷ്യത്തിന് രണ്ട് റണ്‍ അകലെയാക്കിയിരുന്നു. ആര്‍ച്ചര്‍ മൂന്ന് പന്തില്‍ 13 റണ്ണുമായി പുറത്താകാതെനിന്നു. 13-ാം സീസണിലെ രണ്ടാം സെഞ്ചുറിക്ക് ഉടമയായ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (50 പന്തില്‍ ഏഴ് സിക്സറും 10 ഫോറുമടക്കം 106), നായകനും ഓപ്പണറുമായ ലോകേഷ് രാഹുല്‍ (54 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 69) എന്നിവരാണു കിങ്സ് ഇലവനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 183 റണ്ണെടുത്തു. ഗ്ലെന്‍ മാക്സ്വെല് (ഒന്‍പത് പന്തില്‍ പുറത്താകാതെ 13), നികോളാസ് പൂരന് (എട്ട് പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 25) എന്നിവരും റോയല്‍സ് ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു. മിന്നല്‍ വേഗത്തിലായിരുന്നു ഓപ്പണിങ് ജോഡി റണ്ണെടുത്തത്. അഞ്ചാം ഓവറില്‍ സ്കോര്‍ 50 ലും ഒന്‍പതാം ഓവറില്‍ നൂറിലുമെത്തി. 26 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന മായങ്ക് 45 പന്തിലാണു സെഞ്ചുറിയിലെത്തിയത്. സീസണിലെ ആദ്യ സെഞ്ചുറിക്കാരനായ രാഹുല്‍ 35 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. രണ്ട് മാറ്റങ്ങളുമായാണു രാജസ്ഥാന് കളിച്ചത്്. യശസ്വി ജയ്സ്വാളിന് പകരം ജോസ് ബട്ട്ലറും ഡേവിഡ് മില്ലറിന് പകരം അങ്കിത് രാജ്പുതും കളിച്ചു. പഞ്ചാബ് ടീമില്‍ ഇത്തവണയും യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയിലിനു സ്ഥാനം നല്‍കിയില്ല.






