
മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവ് സി.എഫ് തോമസ് വിടപറഞ്ഞതോടെ ചങ്ങനാശേരിയിലെ രാഷ്ട്രീയ പിന്‍ഗാമി ആരെന്ന ചര്‍ച്ച സജീവം. കേരളാ കോണ്‍ഗ്രസി(എം)ല്‍ ജോസഫും ജോസ് കെ. മാണിയും രണ്ടു വഴിക്കായതോടെ കോട്ടയം ജില്ലയിലെ സീറ്റുകളില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങിയിരുന്നു. സി.എഫിന്റെ ചങ്ങനാശേരി ഒഴിച്ചു നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങിയിരുന്നത്.
സി.എഫിന്റെ പിന്‍ഗാമിയായി മകളും അഭിഭാഷകയുമായ അഡ്വ: സിനി തോമസ്, സഹോദരനും നഗരസഭ ചെയര്‍മാനുമായ. സാജന് ഫ്രാന്‍സിസ് എന്നിവരിലൊരാളെ രംഗത്തിറക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുക. എന്നാല്‍ സി.എഫിന്റെ അഭാവത്തില്‍ ചങ്ങാനാശേരി സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഉണ്ട്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഇരിക്കൂര്‍ എം.എല്‍.എയുമായ കെ.സി ജോസഫിന്റെ പേരാണു നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഡി.സി.സി അധ്യക്ഷന്‍ ജോഷി ഫിലിപ്പ്, യു.ഡി.എഫ് ജില്ല ചെയര്മാന് ജോസി സെബാസ്റ്റിയന് എന്നിവര്‍ക്കും ചങ്ങനാശേരി സീറ്റില്‍ നോട്ടമുണ്ട്. ജോസ് വിഭാഗം മുന്നണി വിട്ടതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഏറ്റുമാനൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. കേരളാ കോണ്‍ഗ്രസില്‍ ജോസ്-ജോസഫ് പിളര്‍പ്പു രൂക്ഷമായതോടെ ജോസഫ് പക്ഷത്താണു സി.എഫ് നിലയുറപ്പിച്ചത്. പക്ഷേ ചങ്ങനാശേരി സീറ്റില്‍ സി.എഫ് അവര്‍ക്കുവേണ്ടി മത്സരിക്കേണ്ടിവന്നിരുന്നുവെങ്കില് ജോസ് പക്ഷം ധര്മസങ്കടത്തിലാകുമായിരുന്നു.
കെ.എം മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു രാഷ്ട്രീയ തിരിച്ചടിയാകുമായിരുന്നതിനാല് ചങ്ങനാശേരി ഒഴിവാക്കിയുള്ള വിലപേശലായിരുന്നു ജോസ് പക്ഷം മുന്നില്‍ കണ്ടിരുന്നത്. എന്നാല്‍ സി.എഫ് വിടവാങ്ങിയതോടെ ചങ്ങനാശേരി സീറ്റിനായി ജോസ് പക്ഷം പിടിമുറുക്കും.






