
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചതായി ബന്ധുക്കള്‍. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് സമ്മതിച്ചില്ലെന്നും സംസ്കാര ചടങ്ങുകള്‍ നിര്‍ബന്ധപൂര്‍വം ചെയ്യിപ്പിക്കുകയായിരുന്നു എന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്ന് ഹഥ്രാസില്‍ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ ആണ് സംസ്കരിച്ചത്. ഹിന്ദു ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് എസ്.പി. അറിയിച്ചിട്ടുണ്ട്.
കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസില്‍ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പോലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും ആയിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്.
ഇതിനിടെ, യുവതിയെ 'ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.
ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചതിന് കഴുത്തു ഞെരിച്ചപ്പോള്‍ സ്വന്തം പല്ലിനിടയില്‍ക്കുടുങ്ങി യുവതിയുടെ നാവില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്.






