
ബംഗളൂരു: കന്നഡ സിനിമാ രംഗത്തെ ലഹരിസംഘത്തിനു ബോളിവുഡുമായും ബന്ധമെന്ന് കണ്ടെത്തല്‍. അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് 11 അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ബംഗളൂരു ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ സമ്പാദ്യത്തിലെ ഭൂരിഭാഗവും നഷ്ടപ്പെട്ടതായി നടി അന്വേഷണ സംഘത്തോട് പറഞ്ഞു.
ലഹരിക്കേസിലെ വിദേശ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണു (ഇഡി) മൊഴി നല്‍കിയത്. നടി രാഗിണി ദ്വിവേദി, വിരേന്‍ ഖന്ന, രവിശങ്കര്‍, രാഷുല് ഷെട്ടി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്. ബംഗളൂരു സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച് (സിസിബി) പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത അവതാരകയും നടിയുമായ അനുശ്രീയും ലഹരി പാര്‍ട്ടികളിലെ സജീവമായി സാന്നിധ്യമായിരുന്നുവെന്ന് അറസ്റ്റിലായ നൈജീരിയന്‍ ലഹരി ഇടപാടുകാരന് ഫ്രാങ്ക് മൊഴി നല്കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനുശ്രീയെ വീണ്ടും ചോദ്യം ചെയ്യും.
ബോളിവുഡിലെയും കന്നഡ ചലച്ചിത്രരംഗത്തെയും നടീനടന്മാരും മോഡലുകളും ക്രിക്കറ്റ് വാതുവയ്പുകാരും അടക്കം ബംഗളുരുവില്‍ നടന്നിരുന്ന ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ചലച്ചിത്ര നൃത്തസംവിധായകന്‍ കിഷോര്‍ അമന് ഷെട്ടിയുടെയും സുഹൃത്ത് അഖീല്‍ നൗഷാദിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് തരുണ്‍ രാജ്, മുഹമ്മദ് ഷക്കീര്‍, ഷാന്‍, ഫ്രാങ്ക് എന്നിവരെ കൂടി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇവരാണ് ബോളിവുഡിലെ അടക്കം താരങ്ങളെ പങ്കെടുപ്പിച്ച് പാര്‍ട്ടികള്‍ നടത്തിയിരുന്നത് എന്നാണ് കണ്ടെത്തല്‍.






