ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി നാഥുറാം ഗോഡ്സെ സിന്ദാബാദ് ഹാഷ്ടാഗ്. തീവ്ര ഹിന്ദുത്വ അനുഭാവികളും സംഘപരിവാര്‍ അനുകൂലികളുമായ ആളുകളുടെ പ്രൊഫൈലുകളിലൂടെയാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്. ബി.ജെ.പി നേതാവും ഡല്‍ഹി കലാപത്തിന് മുന്നോടിയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ നേതാവുമായ കപില്‍ മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് ഗോഡ്സെ അനുകൂല പ്രചാരണം.
ട്വിറ്ററിലെ വിദ്വേഷ പ്രചാരണത്തിനെതിരെ നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. പുതിയ ഇന്ത്യയുടെ മുഖമാണിതെന്ന് എഴുത്തുകാരിയായ സാഭ നഖ്വി ട്വീറ്റ് ചെയ്തു. രാവിലെ ഗാന്ധി ജയന്തി ദിനത്തില്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ ട്വിറ്ററില്‍ നാഥുറാം ഗോഡ്സെ സിന്ദാബാദ് മുകളില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നു. ഇത് പുതിയ ഇന്ത്യയുടെ മുഖമാണെന്നും നഖ്വി ട്വീറ്റ് ചെയ്തു.
സംഘപരിവാര്‍ അനുയായികളും നേതാക്കളും നിരന്തരം ഗോഡ്സെയെ പുകഴ്ത്തുന്നത് പതിവാണ്. നേരത്തെ ബി.ജെ.പി എം.പി പ്രഖ്യാ സിംഗ് ഠാക്കൂര്‍ ഗോഡ്സെ ദേശഭക്തനാണെന്ന് ലോക്സഭയില്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. പിന്നീട് സഭാ രേഖകളില്‍ നിന്ന് ഈ പരാമര്‍ശം നീക്കുകയും ചെയ്തു.






