ലഖ്നൗ: ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെയും തടയുന്നതിന് ഗ്രാമ കവാടത്തില്‍ വേലികെട്ടി യു.പി പോലീസ്.
നേരത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തേക്ക് ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ എത്തുന്നത് സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ പോലീസ് തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെ തടയുന്നത് ഏത് നിയമപ്രകാരമാണെന്ന് പോലീസുകാരോട് ചോദ്യം ഉന്നയിക്കുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു പോലീസുകാരുടെ മറുപടി.
നേരത്തെ ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മാധ്യമങ്ങള്‍ എപ്പോഴും കൂടെക്കാണില്ലെന്നും അവര്‍ പോയിക്കഴിഞ്ഞും തങ്ങള്‍ ഇവിടെ തന്നെയുണ്ടാകുമെന്നുമായിരുന്നു ഭീഷണി. കേസിന്റെ വസ്തുതകള്‍ കോടതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒക്ടോബര്‍ 12ന് ഹാജരാകണമെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാറിനോടും ജില്ലാ പോലീസ് മേധാവി വിക്രാന്ത് വീറിനോടും അലഹാബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.






