ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ യു.പി പോലീസ് ഇവരെ വിട്ടയച്ചു. അതേസമയം അല്‍പ്പസമയം തടഞ്ഞ ശേഷം യു.പി പോലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്കി. അഞ്ച് പേര്‍ക്ക് ഹത്രാസ് സന്ദര്‍ശിക്കാമെന്ന് പോലീസ് അിയിച്ചു.
ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലെ ടോള്‍ ഗേറ്റില്‍ വച്ചാണ് നേരത്തെ പോലീസ് ഇരുവരെയും തടഞ്ഞത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും മുദ്രാവാക്യം വിളിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സി.ആര്.പി.സി 144 ലംഘിച്ചുവെന്ന് പോലീസ് ആരോപിച്ചു. അതിനാല്‍ നടപടി അനിവാര്യമാണെന്നും പോലീസ് വ്യക്തമാക്കി. ഡല്‍ഹി, യു.പി പോലീസ് സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
കോണ്‍ഗ്രസ് എം.പിമാരടക്കമുള്ള സംഘത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യു.പിയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ യു.പി പോലീസ് തടഞ്ഞ് കയ്യേറ്റം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും രാഹുല്‍ യാത്ര തിരിച്ചത്.
പ്രിയങ്കയുടെ കാറിലാണ് രാഹുല്‍ യാത്ര ചെയ്യുന്നത്. പിന്നലെ ഒരു ബസില്‍ കോണ്‍ഗ്രസിന്റെ നാല്‍പ്പതോളം എം.പിമാരുടെ സംഘവുമുണ്ട്. ഹത്രാസില്‍ ദളിത് പെണ്‍കുട്ടിക്കെതിരെ നടന്ന സമാനതകളില്ലാത്ത ക്രൂരതയ്ക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.






