ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിച്ചു. രാത്രി ഏഴരയോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് സംഘം ഹത്രാസില്‍ എത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്നിക്, ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.
ഇത് രണ്ടാം തവണയാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയത്. നേരത്തെ യു.പി പോലീസ് രാഹുലിനെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇന്നും രാഹുലിനെയും പ്രിയങ്കയെയും തടയാന്‍ യു.പി പോലീസ് ശ്രമിച്ചിരുന്നു. നോയിഡ-ഡല്‍ഹി അതിര്‍ത്തിയിലാണ് പോലീസ് കോണ്‍രഗസ് നേതാക്കശെ തടഞ്ഞത്. എന്നാല്‍ പിന്നീട് അഞ്ച് പേര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാമെന്ന് പോലീസ് അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്നത് അടക്കമുള്ള നിബന്ധനകളോടെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്.
ഈ മാസം ആദ്യമാണ് ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്. സവര്‍ണ സമുദായക്കാരായ നാല് യുവാക്കളാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ശേഷം പെണ്‍കുട്ടിയുടെ കഴുത്തൊടിക്കുകയും കയ്യും കാലും ഒടിക്കുകയും നാവ് മുറിക്കുകയും ചെയ്തു. ക്രൂര പീഡനത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അനുവാദമില്ലാതെ പുലര്‍ച്ചെ രണ്ടരയോടെയാണ് പോലീസ് മൃതദേഹം സംസ്കരിച്ചത് വിവാദമായിരുന്നു. ഹൈന്ദവ ആചാര പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ ചെയ്യാനുള്ള അനുമതി പോലും പോലീസ് നല്‍കിയില്ല. കുടുംബാംഗങ്ങളെ പോലീസ് പൂട്ടിയിടുകയായിരുന്നുന്നെന്നും ബന്ധുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.






