
കൊല്ലം : കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ആയുര്‍വേദത്തില്‍ കോവിഡ് രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ശമിപ്പിക്കാനുള്ള കണ്ടെത്തലുകള്‍ പുരോഗമിക്കുകയാണ്.
അത്തരത്തില്‍ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) സഹകരണത്തോടെ ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ആണു പഠനം നടത്തുന്നത്.
പഠനത്തില്‍ കേരളത്തിലെ ആയുര്‍വേദ ഗവേഷകരും പങ്കാളികളായേക്കും. സംഘം തയാറാക്കുന്ന റിപ്പോര്‍ട്ടും ചികിത്സാ പ്രോട്ടോക്കോളും വിവിധ മേഖലകളിലെ വിദഗ്ധര്‍ അവലോകനം ചെയ്യും. ആടലോടകവും ചിറ്റമൃതും ചേര്‍ത്തു തയാറാക്കുന്ന കഷായം നല്‍കുന്നതിലൂടെ രോഗമുക്തി ലഭിക്കുമോയെന്നാണു പഠിക്കുക. പനി, ജലദോഷം, നീര്‍വീഴ്ച തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായാണു ചിറ്റമൃത് ഉപയോഗിക്കുന്നത്. ആയുര്‍വേദത്തില്‍ ആടലോടകം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.






