മുംബൈ: മയക്കുമരുന്ന് കേസില്‍ ജാമ്യം നേടിയപ്പോള്‍ ബോളിവുഡ് നടി റിയ ചക്രബര്‍ത്തി ചെയ്തതെന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റിയ ചക്രബര്‍ത്തി ജാമ്യം നേടി ബൈക്കുള ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് റിയയുടെ പേരില്‍ ഒരു ട്വീറ്റ് പ്രചരിച്ച് തുടങ്ങിയത്.
28 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം കിട്ടി. എന്താണ് ഞാന്‍ ചെയ്ത കുറ്റകൃത്യം- ഇതാണ് റിയയുടെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ്. ട്വിറ്ററിലെ വേരിഫൈഡ് ആയ പല ട്വിറ്റര്‍ ഹാന്‍ഡിലുകളും റിയയുടെ പേരിലുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തു. എന്നാല്‍ ഈ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്ന് വസ്തുതാന്വേഷണത്തില്‍ വ്യക്തമായി.
@Tweet2Rhea എന്നതാണ് റിയ ചക്രബര്‍ത്തിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍. ഇതിനോട് സമാനമായി @tweet2_rhea എന്ന പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചിരിക്കുന്നത്. ഒറിജിനല്‍ അക്കൗണ്ടുമായി ഏതാണ് പൂര്‍ണ്ണമായും സമാനമായ നിലയിലാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. പ്രൊഫൈല്‍ ചിത്രവും ബയോ വിവരവും പോലും ഒറിജിനല്‍ അക്കൗണ്ടില്‍ നിന്ന് പകര്‍ത്തിയാണ് നല്‍കിയിരിക്കുന്നത്.
അതേസമയം റിയ തന്റെ ഒറിജിനല്‍ അക്കൗണ്ടില്‍ പോസ്റ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജൂലൈ 16ന് ശേഷം റിയയുടെ ഒറിജിനല്‍ അക്കൗണ്ടില്‍ ട്വീറ്റുകളൊന്നും വന്നിട്ടില്ല. ജൂലൈ പതിനാറിന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ട്വീറ്റാണ് റിയ അവസാനമായി ചെയ്തിരിക്കുന്നത്.






