ന്യൂഡല്‍ഹി: ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന യു.പി പോലീസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം.
ഹത്രാസ് സംഭവത്തില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്തയും തെറ്റാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹത്രാസില്‍ ബലത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യു.പി മുന്‍ ഡി.ജി.പി ബ്രിജ്ലാല് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇ.ഡി വ്യക്തത വരുത്തിയത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹത്രാസിലേക്ക് പോകുകയായിരുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെ നാല് പേരെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് മാധ്യമപ്രവര്ത്തകന് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും നാനൂറ് പേര്‍ക്കുമെതിരെയും കേസെടുത്തിരുന്നു.






