
ചെന്നൈ: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ജാതിവിവേചനമെന്നു പരാതി. പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി ചേരുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചതോയൊണു സംഭവം പുറംലോകം അറിഞ്ഞത്.
ജാതിവിവേചനമുണ്ടായത് അധികൃതരെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിയെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും കലക്ടര്‍ ചന്ദ്രശേഖര്‍ സഖാമുറി ഉത്തരവിട്ടു.
കടലൂര്‍ ജില്ലയിലെ തെര്‍ക്കുതിട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനാണു ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടിവന്നത്. ആദി ദ്രാവിഡ വിഭാഗത്തില്‍പ്പെട്ട യുവതി കഴിഞ്ഞ ജനുവരിയിലാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, പഞ്ചായത്ത് കമ്മിറ്റി നടക്കുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ വൈസ് പ്രസിഡന്റ് തന്നെ അനുവദിക്കാറില്ലെന്ന് പ്രസിഡന്റ് പറയുന്നു.
വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മേല്‍ജാതിയില്‍പ്പെട്ട അംഗങ്ങള്‍ കമ്മിറ്റിയില്‍ കസേരയില്‍ ഇരിക്കുമ്പോള്‍ തന്നോടു നിലത്തിരിക്കാന്‍ ആവശ്യപ്പെടും. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.






