
തിരുവനന്തപുരം: ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്തതും നിലവാരമില്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിച്ച കരാറുകാര്‍ക്കു സെപ്ലെകോ മുഴുവന്‍ തുകയും കൊടുക്കുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നെന്ന ആരോപണം അടങ്ങുന്നതിനു മുമ്പേ പണം നല്കുന്നതിനു പിന്നിലും കോടികളുടെ അഴിമതിയെന്ന് ആരോപണം. നിലവാരമില്ലാത്ത പപ്പടം നല്കിയ ഒരു കരാറുകാരന് (ഹഫ്സര്‍ ട്രേഡിങ് കമ്പനി) മുന്നു കോടിയോളം രൂപ നല്‍കിക്കഴിഞ്ഞു.
കോഴിക്കോട്ടെ ശര്‍ക്കര കരാറുകാരന് (ബാല്‍സണ്‍) 88 ലക്ഷം രൂപ നല്കി. ശര്‍ക്കര നല്കിയ ഈറോഡ് എ.വി.എന്‍. ട്രേഡേഴ്സിന് ഒരു കോടിയോളം രൂപ നല്കി. ഇവരടക്കമുള്ള കരാറുകാര്‍ക്കു പണം നല്‍കാനുള്ള നടപടി തുടരുകയാണ്. ഗുണനിലവാരമില്ലാത്ത പപ്പടവും ശര്‍ക്കരയും വിതരണം ചെയ്ത കരാറുകാര്‍ക്കു പണം നല്കുന്നതിരേ െഹെക്കോടതിയില്‍ കേസുള്ളത് അവഗണിച്ചാണു തിരക്കിട്ട നടപടി. ഭക്ഷ്യവകുപ്പ് സെക്രട്ടറി, സെപ്ലെകോ സി.എം.ഡി. എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ കക്ഷിചേര്‍ത്ത് ജോമി മത്തായി എന്നയാളാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ ഭക്ഷ്യവകുപ്പ് മുഖേന സത്യവാങ്മൂലം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാല്‍ കേസ് 14-ലേക്കു മാറ്റിവച്ചിരിക്കുകയാണ്.
ഗുണനിലവാരമില്ലാത്ത ശര്‍ക്കരയും പപ്പടവും നല്‍കിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്നു കോടതി ആരാഞ്ഞിട്ടുണ്ട്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയുടെയും പപ്പടത്തിന്റെയും നിലവാരക്കുറവ് മംഗളമാണ് പുറത്തുകൊണ്ടുവന്നത്. കോന്നിയിലെ സി.എഫ്.ആര്.ഡിയിലെ പരിശോധനാഫലം വാര്‍ത്ത ശരിവയ്ക്കുന്നതായിരുന്നു. പല ഉല്‍പ്പന്നങ്ങളുടെയും തൂക്കത്തിലും കൃത്രിമം നടന്നു. ലാബറട്ടറിയില്‍ നിന്നു പരിശോധനാ ഫലം വന്നപ്പോഴേക്കും കിറ്റ് വിതരണം ഏകദേശം പൂര്‍ത്തിയായിരുന്നു. കിറ്റിലെ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ടായിരുന്നു മലയാളിയുടെ ഓണസദ്യ!
കൃത്രിമ നിറം മുതല്‍ ചത്ത പല്ലിയും പാന്‍പരാഗ് പായ്ക്കറ്റും വരെ ശര്‍ക്കരയില്‍ കണ്ടെത്തിയിരുന്നു. അതോടെ, തുടര്‍ന്നുള്ള കിറ്റുകളില്‍ ശര്‍ക്കരയ്ക്കു പകരം കൂടുതല്‍ പഞ്ചസാര ഉള്‍പ്പെടുത്തി. കിറ്റ് വിതരണം വൈകുകയും ചെയ്തു. ശര്‍ക്കര നല്കിയ അഞ്ചു കമ്പനികളും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഓണം കഴിഞ്ഞാണു പപ്പടം കഴിക്കാന്‍ കൊള്ളില്ലായിരുന്നെന്ന പരിശോധനാഫലം വന്നത്. സോഡിയം കാര്‍ബണേറ്റിന്റെയും (അലക്കുകാരം) ഈര്‍പ്പത്തിന്റെയും അളവ് വളരെ കൂടുതലായിരുന്നു.
കേരള പപ്പടത്തിനാണ് സെപ്ലെകോ ടെന്‍ഡര്‍ നല്‍കിയതെങ്കിലും അരിപ്പൊടിയും പട്ടാണിപ്പൊടിയും ചേര്‍ത്തു നിര്‍മിക്കുന്ന, ഉഴുന്ന് തീരെക്കുറവുള്ള തമിഴ്നാട് അപ്പളമാണ് ശ്രീശാസ്താ കേരള പപ്പടമെന്ന പേരില്‍ ഫഹ്സര് ട്രേഡിങ് കമ്പനി സെപ്ലെകോയ്ക്കു നല്‍കിയത്. ഇതിലെ ഹലാല്‍ അടയാളവും ചിലര്‍ വിവാദമാക്കിയിരുന്നു. കിറ്റ് വിതരണം പൂര്‍ത്തിയാകാറായിട്ടും പപ്പടം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡിപ്പോ മാനേജര്‍മാര്‍ക്കു കത്തെഴുതിയത് നിലവാരമില്ലായ്മയുടെ ഗൗരവം കൊണ്ടാണ്.
എന്നാല്‍ ഇവ വിതരണം ചെയ്ത കമ്പനികള്‍ക്കെതിരേ യാതൊരു നടപടിയുമില്ല. ഭക്ഷ്യയോഗ്യമല്ലാത്ത ഉല്പന്നങ്ങള് തുടര്‍ച്ചയായി വിതരണം ചെയ്യുന്ന കമ്പനികളെ ഒരു മാസത്തേക്കു മാത്രം വിലക്കാനാണ് സെപ്ലെകോയുടെ തീരുമാനം. ഇതോടെ, അടുത്ത മാസത്തെ ടെന്‍ഡറിലും ഈ കമ്പനികള്‍ക്കു പങ്കെടുക്കാം.






