ലഖ്നൗ: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ സംഘം ഹത്രാസ് സന്ദര്‍ശിച്ചു. സി.ബി.ഐ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഹത്രാസ് സന്ദര്‍ശിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വയലില്‍ സംഘം സന്ദര്‍ശനം നടത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനും അന്വേഷണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ഹത്രാസിലെ മേല്‍ജാതിക്കാരായ യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. സന്ദീപ് സിംഗ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളടക്കം നാല് പ്രതികളും ജയിലിലാണ്. പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ നാല് പ്രതികളുടെ പേര് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ ഹത്രാസ് സംഭവത്തില്‍ യു.പി സര്‍ക്കാരിന്‍െ്റ ശിപാര്‍ശയെ തുടര്‍ന്നാണ് കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത്.
പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന ബൂല്‍ഗര്‍ഹി സന്ദര്‍ശിക്കുന്നതിന് മുമ്പ് ചന്ദപ്പ പോലീസ് സ്റ്റേഷനും സി.ബി.ഐ സംഘം സന്ദര്‍ശിച്ചു. കേസ് ആദ്യം അന്വേഷിച്ച പ്രാദേശിക പോലീസ് സംഘത്തെ ചോദ്യം ചെയ്തു.
ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസിന്‍െ്റ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡല്‍ഹി പീഡനക്കേസില്‍ നിര്‍ഭയ പെണ്‍കുട്ടിക്ക് വേണ്ടി വാദിച്ച അഭിഭാഷക സീമ കുശ്വയാണ് ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായത്. പുലര്‍ച്ചെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെപ്പോലും ഉള്‍പ്പെടുത്താതെ സംസ്കാരം നടത്തിയ യു.പി പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.






