
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ 82 റണ്ണിനു ജയിച്ചതിനു പിന്നാലെ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ഓപ്പണര്‍ എ.ബി. ഡിവിലിയേഴ്സും നായകന് വിരാട് കോഹ്ലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് നേടിയിരുന്നു. 46 പന്തിലായിരുന്നു അവരുടെ സെഞ്ചുറി നേട്ടം. ഐ.പി.എല്‍. ചരിത്രത്തില്‍ അവരുടെ പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ടായിരുന്നു അത്. റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി തന്നെ ക്രിസ് ഗെയ്ലും കോഹ്ലിയും ചേര്‍ന്ന് ഒന്‍പത് തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഡിവിലിയേഴ്സ് 33 പന്തില്‍ ആറു സിക്സറുകളും അഞ്ച് ഫോറുമടക്കം 73 റണ്ണുമായും കോഹ്ലി 28 പന്തില്‍ 33 റണ്ണുമായുംനിന്നു. ഈ കൂട്ടുകെട്ട് ഐ.പി.എല്ലില്‍ 3000 റണ്ണും പിന്നിട്ടു. ഇരുവരും ചേര്‍ന്ന് 2016 ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ 229 റണ്ണെടുത്തതാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. അന്ന് കോഹ്ലിയും ഡിവിലിയേഴ്സും സെഞ്ചുറിയടിച്ചു. ക്രിസ് ഗെയ്ലിന്റെ ഒരു റെക്കോഡും ഡിവിലിയേഴ്സ് സ്വന്തം പേരിലാക്കി. ഐ.പി.എല്‍. കരിയറില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് മാച്ചുകള്‍ എന്ന പുരസ്കാരമാണു ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന് സ്വന്തമാക്കിയത്. 22 തവണയാണു ഡിവിലിയേഴ്സ് മത്സരത്തിലെ താരമായത്. 21 തവണ മാന്‍ ഓഫ് ദ് മാച്ചായാണു ഗെയ്ല് മുന്നില്‍ നിന്നത്. മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ (18), സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണര്‍ (17), ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എം.എസ്. ധോണി (17), ഷെയ്ന് വാട്സണ് (16) എന്നിവര്‍ ഡിവിലിയേഴ്സിനു പിന്നാലെയുണ്ട്.
നൈറ്റ്റൈഡേഴ്സിനെതിരേ 12.2 ഓവറിലാണു ഡിവിലിയേഴ്സ് ക്രീസിലെത്തിയത്. അവിടെ തുടങ്ങിയ വെടിക്കെട്ട് 194 റണ്ണിലാണ് അവസാനിച്ചത്. കമലേഷ് നാഗര്‍കോടിയുടെ ഒരു പന്ത് ഡിവിലിയേഴ്സ് സിക്സറിനു പറത്തിയത് ഷാര്‍ജ സ്റ്റേഡിയവും കടന്ന് റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിലാണു ചെന്നു വീണത്. കാര്യം മനസിലാകാതെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുന്നതിന്റെ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറലായി. പന്ത് വാഹനത്തിന് മുകളില്‍ വീണിരുന്നെങ്കില്‍ അപകടത്തിനിടയാക്കിയേനെ.
മത്സരത്തില്‍ പൂജ്യത്തിനു പുറത്തായതു തന്നെ മാനസികമായി അലട്ടിയിരുന്നെന്നും അതിന്റെ പ്രതിഫലനമാണ് ബാറ്റിങ് പ്രകടനമെന്നും ഇന്നിങ്സിനെക്കുറിച്ച് ഡിവിലിയേഴ്സ് പിന്നീട് പ്രതികരിച്ചു. ഷാര്‍ജയിലെ ആദ്യ മത്സരങ്ങളില്‍ പന്ത് ബാറ്റ്മാന്മാര്ക്ക് പൂര്‍ണമായും അനുകൂലമായിരുന്നെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ബാറ്റിങ് പുരോഗമിക്കുന്തോറും വേഗത കുറയുന്ന പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി. ഇതേ പിച്ചില്‍ രാജസ്ഥാന് റോയല്‍സിന് പിന്നാലെ കൊല്‍ക്കത്തയും വന്‍ തോല്‍വി ഏറ്റുവാങ്ങി. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ പന്തെറിയാനെന്തുമ്പോഴേക്കും പിച്ച് പൂര്‍ണമായും സ്പിന്നിന് അനുകൂലമായി.
നൈറ്റ്റൈഡേഴ്സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (25 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 34) ഒഴികെയുള്ള മുന്‍നിര ബാറ്റ്്സമാന്മാര് രണ്ടക്കം കടന്നില്ല. 13-ാം സീസണി ആദ്യമായി കളിക്കാനിറങ്ങിയ ഓപ്പണര്‍ ടോം ബാന്റണ് (12 പന്തില്‍ എട്ട്), നിതീഷ് റാണ (14 പന്തില്‍ ഒന്‍പത്), ഒയിന്‍ മോര്‍ഗാന്‍ (12 പന്തില്‍ എട്ട്) സ്കോര്‍ 50 കടക്കും മുമ്പ് ക്രീസില്‍ തിരിച്ചെത്തി.
ശുഭ്മന്‍ റണ്ണൗട്ടായതോടെ നൈറ്റ്റൈഡേഴ്സിന്റെ തോല്‍വി ഉറപ്പായി. നായകന് ദിനേഷ് കാര്‍ത്തിക്ക് മോശം ഫോം തുടര്‍ന്നു. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത കാര്‍ത്തിക്കിനെ യുസ്വേന്ദ്ര ചാഹാല്‍ ബൗള്‍ഡാക്കി. ആന്ദ്രെ റസല്‍ (10 പന്തില്‍ 16), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് റോയല്‍ ചലഞ്ചേഴ്സിന്റെ ജയം വൈകിപ്പിച്ചു. ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ചാഹാലും നവദീപ് സെയ്നി, മുഹമ്മദ് സിറാജ്, ഇസ്റു ഉഡാന എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി ആരണ് ഫിഞ്ച് (37 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 47), ദേവദത്ത് പടിക്കല്‍ (23 പന്തില്‍ ഒരു സിക്സറും നാലു ഫോറുമടക്കം 32) എന്നിവര്‍ മികച്ച ബാംഗ്ലൂര്‍ ടീമിനു മികച്ച തുടക്കം നല്കി. എട്ടാം ഓവറിലാണു കൂട്ടുകെട്ട് പിരിഞ്ഞത്. പടിക്കലിനെ ആന്ദ്രെ റസല്‍ ബൗള്‍ഡാക്കി.
ഡിവിലിയേഴ്സിന്റെ കളി കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. 32-ാം വയസിലാണു ഡിവിലിയേഴ്സ് ക്രിക്കറ്റ് മടുത്തെന്നു പറഞ്ഞു കളിക്കളം വിട്ടത്. ഐ.പി.എല്‍. പോലുള്ള ടൂര്‍ണമെന്റുകളിലായിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ ഡിവിലിയേഴ്സ് തുടര്‍ന്നു കളിച്ചത്.






