
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഫാറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. 2005 മുതല്‍ 2010 വരെയുള്ള കോടികളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. അബ്ദുള്ള അടക്കം പത്തുപേര്‍ക്കെതിരെയാണ് കേസ്.
എന്നാല്‍ ചോദ്യം ചെയ്യലിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ഫാറൂഖ് അബ്ദുള്ളയുടെ മകന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് കക്ഷികള്‍ ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങാനിരിക്കേയാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. ഫാറൂഖിന്റെ വീട്ടില്‍ ഒരു പരിശോധനയും നടന്നിട്ടില്ല. ഇ.ഡിയുടെ സമന്‍സിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും ഒമര്‍ പറഞ്ഞു.
2012 മാര്‍ച്ചിലാണ് അഴിമതി ആരോപണം ഉയര്‍ന്നുവന്നത്. ജെകെസിഎ മുന്‍ ഭാരവാഹികളായ 50 ഓളം പേര്‍ക്കെതിരെ ട്രഷറര്‍ മന്‍സൂര്‍ വസീര്‍ പോലീസിന് നല്കിയ പരാതിയാണ് സാമ്പത്തിക ക്രമക്കേട് ആദ്യം ഉയര്‍ന്നുവന്നത്. മൂന്നു പതിറ്റാണ്ടോളം ജെ.കെ.സി.എ അധ്യക്ഷ പദവി വഹിച്ചിരുന്ന ഫാറൂഖിന് വൈകാതെ പദവി നഷ്ടപ്പെടുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് കണ്ടെത്തിയതോടെ 2.6 കോടി രൂപയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 2002-11 വരെയുള്ള കാലഘട്ടത്തില്‍ 43.69 കോടി രുപയുടെ ഫണ്ട് ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. 2005 മുതല്‍ 2012 വരെ ബിസിസിഐയില്‍ നിന്ന് ജെകെസിഎയ്ക്ക് 94.06 കോടി രൂപ ലഭിച്ചിരുന്നു. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലാണ് ഇത് ലഭിച്ചത്. എന്നാല്‍ ജെകെസിഎയുടെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിരുന്നു. അവയിലേക്ക് ഈ ഫണ്ടുകള്‍ വകമാറ്റി. ഈ അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.






