
പട്ന : ബി.ജെ.പി സ്ഥാനാര്‍ഥിയെ എം.എല്‍.എമാരായി തിരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കെണ്ടുപേകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാര്‍ നിയമസഭ പ്രചാരണത്തിലാണ് രാമക്ഷേത്രവും ഭീകരതക്കെതിരേയുള്ള പോരാട്ടവും ഉള്‍പ്പെടെ യോഗി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.ബിഹാര്‍ തിരഞ്ഞെടുപ്പിലെ താരപ്രചാരകനായി മാറിയ യോഗി ഒക്ടബോര്‍ 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് പന്ത്രണ്ടിലേറെ റാലികളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി സര്‍ക്കാരാണ് രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചതെന്നും പാകിസ്ഥാനില്‍ കയറി ഭീകരരെ വധിച്ചതെന്നും ബാലാക്കോട്ട് ആക്രമണത്തെ സൂചിപ്പിച്ച് യോഗി പറഞ്ഞു. 'ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്ഥാന് തിരിച്ചറിഞ്ഞു'.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എന്‍.ഡി.എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. യാതൊരു വേര്‍തിരിവും കാണിക്കാതെയാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം. വേര്‍തിരിവില്ലാതെ മോദി പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നല്കി. മോദിയും നിതീഷ് കുമാറും ബിഹാറിലെ പാവപ്പെട്ടവര്‍ക്കായി സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയും നല്‍കിയെന്നും യോഗി പറഞ്ഞു.
കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് പറയാതെ യോഗി പരിഹസിച്ചു.






