
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയാ കേസിന് സമാനമായ രീതിയില്‍ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവും മാറുന്നു. കേസിലെ പ്രതികളായ നാലു പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് റിപ്പോര്‍ട്ടാണ് ഏറ്റവും പുതിയ വഴിത്തിരിവ്്. 19 കാരി കൊല്ലപ്പെട്ട സംഭവം നടക്കുന്ന സമയത്ത് പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് ദി ക്വിന്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിയുടെ സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് ഷീറ്റ് വെച്ചാണ് കണ്ടെത്തല്‍.
മാര്‍ക്ക്് ഷീറ്റ് പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 2 നേ പ്രതിക്ക് 18 വയസ്സ് തികയൂ എന്നാണ് വിവരം. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ആക്രമണത്തിന് ഇരയാകുന്നത് സെപ്തംബര്‍ 14 നും മരണത്തിന് കീഴടങ്ങുന്നത് സെപ്തംബര്‍ 29 നും ആയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി മരണമൊഴി നല്‍കിയതില്‍ നാലു പേരുടെയും പേരുകള്‍ എഴുതിവെച്ചിരുന്നു. അതില്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് അവകാശപ്പെടുന്ന പ്രതിയുടേയും പേര് കുറിച്ചിട്ടുണ്ട്്. ഒക്ടോബര്‍ 14 ന് പ്രതിയുടെ മാര്‍ക്ക് ഷീറ്റ് വീട്ടുകാര്‍ വാങ്ങിയിട്ടുണ്ട്. നാലു പേരെയും സെപ്തംബര്‍ 26 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിബിഐ യ്ക്ക് കൈമാറിയിരിക്കുന്ന കേസില്‍ നേരത്തേ അന്വേഷണം നടത്തിയ പോലീസും പ്രാഥമികാന്വേഷണത്തില്‍ ശ്രദ്ധിക്കാതെ പോയ കാര്യമാണ്. കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. പ്രാഥമികാന്വേഷണത്തില്‍ നാലു പേര്‍ക്കും 20,23,26,35 എന്ന രീതിയിലാണ് പ്രായം. 2015 ല്‍ ഭേദഗതി വരുത്തിയ ജൂവനൈല്‍ ജസ്റ്റീസ് ആക്ട് അനുസരിച്ച് 16 നും 18 നും ഇടയില്‍ പ്രായക്കാരെ നീചമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരായി കരുതണമെന്നും ഏറ്റവും കുറഞ്ഞത് ഏഴു വര്‍ഷം വരെയുള്ള ശിക്ഷ നല്‍കണമെന്നും അനുശാസിക്കുന്നുണ്ട്.
2021 ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയാ കൂട്ട ബലാത്സംഗ കേസാണ് ഇത്തരം ഒരു ഭേദഗതിയിലേക്ക് നയിച്ചത്. ഓടുന്ന ബസിലിട്ട് യുവതിയെ ക്രൂര ബലാത്സംഗം നടത്തി കൊലപ്പെടുത്തിയ സംഭവത്തിലെ അഞ്ചു പ്രതികളില്‍ ഒരാള്‍ കുറ്റകൃത്യം അരങ്ങേറുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. മറ്റെല്ലാവരേയും വധശിക്ഷയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇയാളെ മുതിര്‍ന്നയാളായി പരിഗണിച്ചിരുന്നില്ല. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അയാള്‍ വെളിയില്‍ വരികയും ചെയ്തിട്ടുണ്ട്.






