
പാറ്റ്ന: അടുത്ത മാസം ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും തേജസ്വീയാദവിനും എതിരേ എതിര്‍മുഖത്ത് വോട്ടു പിടിക്കാന്‍ പഴയ ബന്ധു ഐശ്വര്യാറായിയും. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അകന്നു കഴിയുന്ന മരുമകള്‍ ഐശ്വര്യ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന് വേണ്ടിയാണ് ഇറങ്ങിയിരിക്കുന്നത്. ലാലുവിന്റെ എതിരാളിയായ നിതീഷിന് വേണ്ടി ബുധനാഴ്ച ഐശ്വര്യ റായി പ്രചരണത്തിനിറങ്ങി.
ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രന് തേജ് പ്രതാപ് യാദവിന്റെ ഭാര്യയായിരുന്ന ഐശ്വര്യ നേരത്തേ ലാലുവിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരേ ഗാര്‍ഹിക പീഡനാരോപണവുമായി രംഗത്ത് വന്നിരുന്നു. തേജുമായി വിവാഹ മോചന കേസ് കോടതിയില്‍ ഇരിക്കെ ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് ഐശ്വര്യ നിതീഷ്കുമാറിന് വേണ്ടി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ മകനും എംഎല്‍എയുമായ ചന്ദ്രികാ റായിയുടെ മകളാണ് ഐശ്വര്യ. മകളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ലാലു കുടുംബവുമായുള്ള ബന്ധം വഷളായതോടെ നേരത്തേ ആര്‍ജെഡിയില്‍ അംഗമായിരുന്ന ചന്ദ്രിക പിന്നീട് ജെഡി യുവിലേക്ക് മാറി.
ബുധനാഴ്ച സരണ്‍ ജില്ലയിലെ പര്‍സയില്‍ പിതാവിന്റെ മണ്ഡലത്തില്‍ നിതീഷ്കുമാറിനായി ഐശ്വര്യ പ്രചരണത്തിനിറങ്ങി. പിതാവ് ചന്ദ്രികാ റായിയുടേയും നിതീഷ്കുമാറിന്റെയും വിജയം ഉറപ്പാക്കണമെന്ന് ഇവര്‍ ജനങ്ങളോട് അപേക്ഷിച്ചു. നിതീഷിന്റെ കാല് തൊട്ടു വന്ദിച്ചാണ് ഇവര്‍ വേദിയിലേക്ക് കയറിയത് തന്നെ. ഐശ്വര്യ പ്രസംഗം തുടങ്ങിയപ്പോള്‍ ലാലുവിന് അനുകൂലമായി ഏതാനും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തി നിങ്ങളുടെ നേതാവിനെ രക്ഷിക്കില്ലെന്ന് നിതീഷ് പറഞ്ഞു.
യാദവ കുടുംബങ്ങള്‍ക്ക് ഭുരിപക്ഷമുള്ള പാര്‍സ റായി കുടുംബത്തിന് ശക്തമായ മേല്‍ക്കോയ്മ ഉള്ള ഇടമാണ്. അഞ്ചു തവണയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ നിന്നും ദഗോരാ പ്രസാദ് ജയിച്ചത്. പിന്നീട് ഇേദ്ദഹത്തിന്റെ ഭാര്യയും ജയിച്ചു. ഏഴു തവണയാണ് ചന്ദ്രികാ റായി ഇവിടെ ജയിച്ചത്. രണ്ടു തവണ ജെഡിയുവിനൊപ്പം മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു. എന്നാല്‍ ആര്‍ജെഡിയ്ക്ക് ഒപ്പം 2005 ലും 2010 ലും ജയിച്ചു. ഒരിക്കല്‍ കൂടി ഇവിടെ മത്സരിക്കാന്‍ ചന്ദ്രികാ റായി എത്തുകയാണ്. ആര്‍ജെഡിയ്ക്ക് വേണ്ടി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു.
2018 ലായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രനും വെറും 12 ാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസം ഉള്ളയാളുമാ തേജ് പ്രതാപുമായി പോസ്റ്റു ഗ്രാജ്വേഷന് വിദ്യാഭ്യാസമുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്. അത് രണ്ടു രാഷ്ട്രീയ കുടുംബങ്ങളുടെ ഒത്തു ചേരല്‍ കൂടിയായിരുന്നു. എന്നാല്‍ കുടുംബം നിര്‍ബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാരോപിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ 2018 ഡിസംബറില്‍ തേജ് വിവാഹമോചനം തേടി. തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ഐശ്വര്യയും രംഗത്ത് വന്നു് ലാലുവിന്റെ ഭാര്യ റാബ്റി ദേവിയുടെ പാറ്റ്നയിലെ ഔദ്യോഗിക വസതിയില്‍ വെച്ച് തന്റെ മുടിക്കും മറ്റും പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നാണ് ഇവര്‍ ആരോപിച്ചത്. റാബ്രിക്കും തേജിന്റെ സഹോദരി മിസാഭാരതിക്കും എതിരേ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തേജ് മയക്കുമരുന്നിന് അടിമയാണെന്നും മാനസീകരോഗിയാണെന്നും ഐശ്വര്യ ആരോപിച്ചു. ഇതോടെ രണ്ടു കുടുംബങ്ങളും തമ്മില്‍ വഴക്കാകുകയും ഭാര്യാപിതാവ് ഉള്‍പ്പെടെയുള്ള ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരേ തേജ് പ്രതാപ് രംഗത്ത് വരികയും തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുകയും ചെയ്തു. തേജ് പ്രതാപിനും തേജസ്വീ പ്രതാപിനും ഒപ്പം ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ആരോപിച്ച് ഈ വര്‍ഷം ആദ്യം ചന്ദ്രിക ആര്‍ജെഡിയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു. ഇത്തവണ വൈശാലിയിലെ മഹുവയില്‍ ഭര്‍ത്താവിനെതിരേ ഐശ്വര്യ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പ്രതാപ് ഇത്തവണ മത്സരിക്കുന്നത് സമഷ്ടിപൂരിലെ ഹസന്‍പൂരില്‍ നിന്നാണ്. ഐശ്വര്യയുടെ കുടുംബവിഷയം നിതീഷ്കുമാറും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ആയുധമാക്കി ഉപയോഗിക്കുകയാണ്.






