
പ്ലാസ്മ ദാതാക്കളാകാന്‍ ഏറ്റവും അനുയോജ്യര്‍ കോവിഡ് ലക്ഷണങ്ങള്‍ അതിതീവ്രമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരാണെന്ന് പുതിയ പഠനം. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് അതിജീവിച്ച 126 പേരുടെ രക്ത സാംപിളുകളും അവയിലെ ആന്റിബോഡികളുടെ തോതും പഠനത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
ഈ പരിശോധനയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം കോവിഡ് രോഗമുക്തി നേടിയ പ്രായമേറിയ പുരുഷന്മാര് ഏറ്റവും മികച്ച പ്ലാസ്മ ദാതാക്കളാണെന്നും ഇവരില്‍ ആന്റിബോഡികള്‍ ഉയര്‍ന്ന തോതില്‍ ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടെത്തിയത്. കോവിഡ് മൂലം മരണ സാധ്യത ഏറെയുള്ളത് പുരുഷന്മാര്ക്കാണ് അതില്‍ തന്നെ പ്രായമേറിയ പുരുഷന്മാര്ക്കാണ്. എന്നാല്‍ അവര്‍ അതിനെ അതിജീവിച്ചാല്‍ കോവിഡ് പ്രതിരോധത്തില്‍ ശക്തമായ കണ്ണികളാകാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പഠനം പറയുന്നത്.
കോവിഡ് മൂലം അതിഗുരുതര നിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം രോഗത്തെ അതിജീവിച്ചവരില്‍ കൊറോണ വൈറസ് പ്രോട്ടീന്‍ മുനകളെ നിഷ്പ്രഭമാക്കുന്ന ആന്റിബോഡികളുടെ എണ്ണം കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. അവയ്ക്ക് വൈറസിനെ കൂടുതല്‍ കാര്യക്ഷമമായി നിര്‍വീര്യമാക്കാനും സാധിക്കുന്നു. കോവിഡ് രോഗപരിചരണത്തിന് വ്യാപകമായി ഉപയോഗിച്ച് വരുന്ന ചികിത്സാ രീതിയാണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി. കോവിഡ് രോഗമുക്തരിലെ ആന്റിബോഡി സമൃദ്ധമായ രക്ത പ്ലാസ്മയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.






