
അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അബുദാബി ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ 'അഞ്ച് വിക്കറ്റ് 'നേട്ടമാണ് കൊല്‍ക്കത്തയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്ന്റെയും നിതീഷ് റാണയുടെയും മിന്നും അര്‍ധ സെഞ്ചുറി മികവിലാണ് കുറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. നായകന് ശ്രേയസ് അയ്യര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നിന്നത്. 47 റണ്‍സെടുത്ത അയ്യറുടെ വിക്കറ്റ് ചക്രവര്‍ത്തിയാണ് വീഴ്ത്തിയത്. ഋഷഭ് പന്ത് 27 റണ്‍സെടുത്തു. നാലു താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിന്, അന്റിച്ച് നോര്ത്ചെ എന്നിവര്‍ പുറത്താകാതെ നിന്നു. അഞച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് മാന്‍ ഓഫ് ദ മാച്ച് നേട്ടവും സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും, ലോക്കി ഫെര്ഗൂസന് ഒരു വിക്കറ്റും വീഴ്ത്തി.
നീതിഷ് റാണ( 53 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 81 റണ്‍സ്), സുനില്‍ നരെയ്ന്റെയും(32 പന്തില്‍ ആറു ബൗണ്ടറിയും നാല് സിക്സും ഉള്‍പ്പെടെ 64 റണ്‍സ്) അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് കൊല്‍ക്കത്ത സ്കോര്‍ ഉയര്‍ത്തിയത്. ശുഭ്മാന്‍ ഗില്‍(ഠ റണ്‍സ്), രാഹുല്‍ ത്രിപതി(13 റണ്‍സ്), ദിനേഷ് കാര്‍ത്തിക് (മൂന്ന്), ഓയിന്‍ മോര്ഗന്(17 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. സ്റ്റോയിന്സിന്റെ ഓവറിലെ അവസാന രണ്ട് പന്തുകളിലാണ് നിതീഷ് റാണയും പിന്നാലെ നായകന് ഓയിന്‍ മോര്‍ഗനും പുറത്തായത്. കമ്മിന്‍സ് പുറത്താകാതെ നിന്നു. നേരത്തെ ഡല്‍ഹിക്കു വേണ്ടി കഗിംസാ റബാദ, മാര്‍ക്സ് സ്റ്റോയിന്‍സ്, അന്റിച്ച് നോര്ത്ജെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.






