
റോം: വിദേശമണ്ണിൽ വെച്ച് ഇന്ത്യയെയും ഇന്ത്യൻ ദേശീയതയെയും അപമാനിക്കാൻ നോക്കിയ വെയ്റ്റർക്ക് പെൺപട നൽകിയത് മുട്ടൻ പണി! ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് ഇന്ത്യക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബംഗ്ലാദേശി വെയ്റ്ററെ ഇറ്റാലിയൻ പോലീസിന്റെ മുന്നിലിട്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഇന്ത്യൻ യുവതികൾ. പ്രമുഖ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഖുഷി ദുബെയും കൂട്ടുകാരുമാണ് തങ്ങളെയും രാജ്യത്തെയും അധിക്ഷേപിച്ച ഹൊസൈൻ എന്ന വെയ്റ്റർക്കെതിരെ കടുത്ത നിലപാട് എടുത്തത്.
ഖുഷിയുടെ തീപാറുന്ന പ്രതികരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാട്ടുതീ പോലെയാണ് പടരുന്നത്. റെസ്റ്റോറന്റിൽ ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചെറിയൊരു തർക്കമാണ് നാടകീയ രംഗങ്ങളിലേക്ക് വഴിമാറിയത്. തർക്കത്തിനിടയിൽ പ്രകോപിതനായ വെയ്റ്റർ പെൺകുട്ടികളോട് അങ്ങേയറ്റം മോശമായി പെരുമാറുകയും, "നിങ്ങൾ വൃത്തികെട്ട ഇന്ത്യക്കാരാണ്" എന്ന് അധിക്ഷേപിക്കുകയുമായിരുന്നു. സ്വന്തം രാജ്യത്തെ അനാവശ്യമായി വലിച്ചിഴച്ച് അപമാനിച്ചതോടെ പെൺകുട്ടികളുടെ നിയന്ത്രണം വിട്ടു. "പൈസ കൊടുത്തിട്ട് പോകാം, ഇല്ലെങ്കിൽ ഞാൻ അവന്റെ കരണക്കുറ്റി നോക്കി ഒന്നുപൊട്ടിക്കും" എന്ന് ഖുഷി വീഡിയോയിൽ ദേഷ്യത്തോടെ പറയുന്നത് കേൾക്കാം.
യുവതികൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവർ ഉടൻ തന്നെ ഇറ്റാലിയൻ പോലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് പോലീസുകാരുടെ സാന്നിധ്യത്തിൽ വെച്ച് വെയ്റ്ററെ ഖുഷിയും കൂട്ടുകാരും വളഞ്ഞു. "പറയൂ... ഇന്ത്യയെ അധിക്ഷേപിച്ചതിൽ ഞാൻ ഖേദിക്കുന്നു എന്ന് ഉറക്കെ പറയൂ..." എന്ന് ഖുഷി വെയ്റ്ററുടെ മുഖത്തുനോക്കി ആവർത്തിച്ച് ആവശ്യപ്പെട്ടു. ആദ്യം പോലീസിന് മുന്നിൽ വെച്ച് പിടിവാശി കാണിച്ച വെയ്റ്റർ, ഇന്ത്യൻ പെൺകുട്ടികളുടെ കട്ടക്കലിപ്പിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കി. പോലീസുകാർ നോക്കിനിൽക്കെ, ക്യാമറയ്ക്ക് മുന്നിൽ വെയ്റ്റർക്ക് പരസ്യമായി മാപ്പ് പറയേണ്ടി വന്നു.
ഒരു വിദേശരാജ്യത്ത് വെച്ച് വംശീയ അധിക്ഷേപത്തിന് ഇരയായിട്ടും ഒട്ടും ഭയപ്പെടാതെ, രാജ്യത്തിന്റെ അഭിമാനത്തിനായി പോലീസിനെ വരെ വിളിച്ച് വെയ്റ്ററെക്കൊണ്ട് മാപ്പ് പറയിച്ച പെൺകുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കയ്യടികളുടെ പൂരമാണ്. "നിങ്ങളാണ് യഥാർത്ഥ ദേശാഭിമാനികൾ" എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.






