
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക അജണ്ഡകളിലൊന്നായ ലഹരിക്കെതിരേയുള്ള പോരാട്ടമായ തൂഫാന് പിന്തുണ തേടി അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി. കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് അദ്ദേഹം കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാനാണ് കത്തിലെ അഭ്യര്‍ത്ഥന.
സംസ്ഥാനത്ത് ലഹരിവ്യാപനത്തിനെതിരേയുള്ള സംസ്ഥാനത്തിന്റെ പരിപാടിയായ 'തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്' വലിയ രീതിയില്‍ സംസ്ഥാനത്ത് നടന്നു വരുന്നതായി ആഭ്യന്തരമന്ത്രിയും സഭയില്‍ വ്യക്തമാക്കി. 2,954 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ലഹരിമാഫിയയുടെ വേരറുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലും പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിവിരുദ്ധ റെയ്ഡുകളും പരിശോധനകളും നിലവില്‍ അതീവ ശക്തമായി തുടരുകയാണ്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനെതിരെയും കര്‍ശന നടപടികളാണ് സ്വീകരിച്ചുപോരുന്നതെന്നും ആഭ്യന്തരമന്ത്ര പറഞ്ഞു. കുട്ടികളിലേക്ക് ലഹരിയെത്തുന്നത് തടയാന്‍ സ്‌കൂള്‍ ബാഗുകള്‍ പരിശോധിക്കുന്നതും സിനിമാസെറ്റുകളില്‍ പരിശോധന നടത്തുന്നതുമായ കാര്യം പരിഗണിക്കുന്നുണ്ട്. ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ വിട്ടുവീഴ്ചയുമില്ലാത്ത പരിശോധനകള്‍ തുടരും. സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗം മുഹമ്മദ് ഷിയാസ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കൊച്ചിയിലെ ഒരു ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രമുഖ നടന്‍ ഓടിരക്ഷപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു മുഹമ്മദ് ഷിയാസ് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. സിനിമാ മേഖലയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കി.






