
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ വീണ്ടും നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. എല്‍ഡിഎഫിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. സത്യപ്രതിജ്ഞ റദ്ദാക്കിയത് ബിജെപിയ്ക്ക് ശക്തമായ തിരിച്ചടിയാണ്.
ഡപ്യുട്ടിമേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ റദ്ദാക്കിയവരില്‍ പെടും. ആള്‍ദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ഭരണഘടനാലംഘനമാണ് നടന്നതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2025 ഡിസംബര്‍ 1 നായിരുന്നു സത്യപ്രതിജ്ഞ നടന്നത്. ഇതിനെതിരേ തിരുവനന്തപുരം നഗരസഭയിലെ എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക്കാണ് ഹര്‍ജി നല്‍കിയത്. നേരത്തേ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നലകുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഗൗരവത്തില്‍ എടുത്തിരുന്നില്ല.
നിയമം അനുസരിച്ച് ദൈവനാമത്തിലോ സഗൗരവമായോ സത്യപ്രതിജ്ഞ ചെയ്യാനാകും. എന്നാല്‍ ഇഷ്ടപ്പെട്ട പ്രത്യേകദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ എടുക്കുന്നത് നിയമവിരുദ്ധം ആണെന്ന് ഇടതുപക്ഷം വാദിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. കൗണ്‍സിലര്‍മാര്‍ അയ്യപ്പസാമി, ആറ്റുകാലമ്മ, പത്മനാഭസ്വാമി, ഭാരതാംബാ, ബലിദാനി എന്നിവയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ക്കാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരിക. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 50 ലധികം സീറ്റുകള്‍ നേടിയാണ് ബിജെപി ആദ്യമായി തിരുവനന്തപുരത്ത് അധികാരത്തില്‍ എത്തിയത്.






