അഹമ്മദാബാദ്: ഗുജറാത്തില്‍ എട്ട് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കോളര്‍ ട്യുണായി മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ശബ്ദസന്ദേശം ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശബ്ദസന്ദേശം ഉള്‍പ്പെടുത്തിയത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കോവിഡ് ജാഗ്രതാ സന്ദേശണമാണ് മുഖ്യമന്ത്രിയുടെ ശബ്ദത്തില്‍ കോളര്‍ ട്യൂണായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് നേതാവ് നിഷിത് വ്യാസ് പരാതി നല്കി. വിജയ് രൂപാണിയുടെ ശബ്ദ സന്ദേശത്തില്‍ നവരാത്രി ആഘോഷത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇത് വോട്ടര്‍മാരെ മതപരമായി കൂടി സ്വാധീനിക്കുന്നതിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം മുഖ്യമന്ത്രി വിജയ് രൂപാണി തള്ളി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് രൂപാണി ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് കോവിഡ് അവബോധം നല്‍കുന്നതിനാണ് തന്റെ ശബ്ദ സന്ദേശമെന്നും അതില്‍ രാഷ്ട്രീയമായ പരാമര്‍ശങ്ങളോ തന്റെ പേരോ പരാമര്‍ശിക്കുന്നില്ലെന്നും വിജയ് രൂപാണി പറഞ്ഞു.






