
അബു ദാബി: ഐ.പി.എല്‍. ക്രിക്കറ്റ് 13-ാം സീസണില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരത്തിലാണു വരുണ്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 195 റണ്ണിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ക്യാപ്പിറ്റല്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 20 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത വരുണാണ് നൈറ്റ്റൈഡേഴ്സിന് 59 റണ്ണിന്റെ ജയവും പ്ലേ ഓഫ് സാധ്യതകളും നേടിക്കൊടുത്തത്. 11 കളികളില്‍നിന്ന് 12 പോയിന്റാണ് അവരുടെ നേട്ടം. അടുത്ത ലക്ഷ്യം പ്ലേ ഓഫും പിന്നെ കിരീടവുമാണെന്ന് ഐ.പി.എല്‍.ടി20 ഡോട്ട്കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വരുണ്‍ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടിയ കാലത്തുനിന്നാണു താന്‍ വരുന്നതെന്നു വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു. ആര്‍കിടെക്റ്റായി ജോലി ചെയ്തിരുന്ന കാലത്ത് ഏറെ ബുദ്ധിമുട്ടി.
പിതാവ് വിനോദ് ചക്രവര്‍ത്തിയും മാതാവ് ഹേമ മാലിനിയും കാമുകി നേഹയും നല്കിയ പിന്തുണയാണു തന്നെ നിലനിര്‍ത്തിയത് - വരുണ്‍ തുടര്‍ന്നു. 2015 വരെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി, ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന സ്ഥിതി വരെയുണ്ടായി. 29 വയസുകാരനായ വരുണ്‍ കര്‍ണാടകയിലെ ബിദര്‍ സ്വദേശിയാണെങ്കിലും താമസിക്കുന്നത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ്. നാലു കോടി രൂപയ്ക്കാണു നൈറ്റ്റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയത്. 2018-19 സീസണ് മുതല്‍ തമിഴ്നാടിന്റെ താരമാണ്. നിഗൂഢതയാണു വരുണിന്റെ പന്തുകളുടെ പ്രത്യേകതയെന്നു തമിഴ്നാടു പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിന്റെ നായകനായിരുന്ന രോഹിത് ദാമോദരന്‍ പറഞ്ഞു.
വരുണിന് ബാറ്റ്സ്മാനില്‍നിന്ന് അകന്നു പോകുന്ന കാരം ബോളും ബാറ്റ്സ്മാനിലേക്കു വരുന്ന കാരം ബോളും എറിയാനറിയാം. വരുണ്‍ കാരം ബോളും ഗൂഗ്്്ളിയും എറിയുന്നത് ഒരു പോലെയായതിനാല്‍ തിരിച്ചറിയാനാകാതെ ബാറ്റ്സ്മാന് കുഴങ്ങും. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നെറ്റ്ബൗളറായിരുന്ന വരുണ്‍ സാക്ഷാല്‍ എം.എസ്. ധോണിയെ കുഴപ്പിച്ചിട്ടുണ്ടെന്നും രോഹിത് ദാമോദരന്‍ പറഞ്ഞു. 2019 ലെ താര ലേലത്തില്‍ സൂപ്പര്‍ കിങ്സ് വരുണിനെ സ്വന്തമാക്കാന്‍ ഏറെ ശ്രമിച്ചു. 8.4 കോടി രൂപ മുടക്കി പഞ്ചാബ് കിങ്സ് ഇലവന് താരത്തെ റാഞ്ചി.






